നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഉണ്ണിമായ. ഹേഷിന്റെ പ്രതികാരത്തിലെ സാറ, പറവയിലെ ടീച്ചർ, അഞ്ചാം പാതിരയിലെ പൊലീസുകാരി എല്ലാം തന്നെ താരം അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ്. അതിനൊപ്പം തന്നെ സിനിമയുടെ അണിയറയിലും കയ്യടിനേടാൻ ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ മാത്രം ഒതുങ്ങാത്ത ഉണ്ണിമായ തന്റെ കൂടിയാട്ടം പഠനകാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് താരം
'ഇൻ ആൻഡ് അസ് ബാലി, ഓണമെന്നാൽ ഓർമയിൽ വരുന്നത് കൂടിയാട്ടം പഠിച്ചിരുന്ന ആ നല്ല നാളുകളാണ്. ഓണാവധിക്ക് എന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാർ വീട്ടിൽ ക്ലാസുകൾ വയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ വീടിനു പിറുകുവശത്തെ മൂന്നു നിലയുള്ള കുളപ്പുരയിലാണ് ഞങ്ങൾ താമസിക്കാറുള്ളത്.
രാവിലെ ചിട്ടയോടെയുള്ള പഠനം. വൈകീട്ട് ഒത്തുകൂടലും രസങ്ങളും. അദ്ദേഹത്തിന്റെ ഭാര്യ(ലേഖോപ്പോൾ) സഹോദരിയെപ്പോലെത്തന്നെയായിരുന്നു ഞങ്ങൾക്ക്. അടുക്കളയിൽ എന്തെങ്കിലും കാര്യമായി സ്‌പെഷ്യലുണ്ടാകും എന്നും.
വൈകുന്നേരങ്ങളും രസകരമായിരുന്നു. ഭാരതപ്പുഴയിലേക്കുള്ള നടത്തവും ചർച്ചകളും കഥകളും നക്ഷത്രം നോക്കിയുള്ള കിടപ്പും..കലയെ ആഴത്തിൽ അറിയുന്നതോടൊപ്പം കൂടിച്ചേരലിന്റെ സത്തയും ഞങ്ങളെ പരിചയിപ്പിച്ച നാരായണേട്ടന്റെ കാഴ്‌ച്ചപ്പാട് വളരെ വലുതായിരുന്നു.'