ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത്ത് എത്തിയിരിക്കുകയാണ് സിനിമ താരങ്ങൾ. 1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി സിനിമകളിൽ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. മലയാള സിനിമ പ്രേമികൾക്ക് കല്യാണരാമനിൽ ദിലീപിന്റെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അത്ര പെട്ടന്നൊന്നും തന്നെ മറക്കാനാകില്ല. എന്നാൽ ഇപ്പോൾ കല്യാണ രാമനിലെ മുത്തശ്ശിയായി എത്തിയ നടി സുബ ലക്ഷ്മി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'എന്താണ് പറയേണ്ടതെന്ന് അറിയില്ല. വളരെ ദുഖകരമായ ഒരു വാർത്തയാണിത്. വളരെ നല്ലൊരു മനുഷ്യനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. എല്ലാവരോടും വളരെ നന്നായി പെരുമാറും. കല്യാണരാമനിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത് അദ്ദേഹത്തോടൊപ്പം. നമ്മൾ കാലം തെറ്റി സിനിമയിൽ വന്നവരാണെന്നും കുറച്ച് നേരത്തേ വരണമായിരുന്നു എന്നും അദ്ദേഹം തമാശയായി പറയുമായിരുന്നു. വളരെ ചിട്ടയായ ജീവിതം നയിക്കുന്ന ഒരാളാണ്. സിനിമയ്ക്ക് പുറമേ സംഗീതത്തിലും കഥകളിയിലുമെല്ലാം അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു.
നല്ല പാണ്ഡിത്യമുള്ള വ്യക്തി കൂടിയായിരുന്നു. സിനിമയിൽ അല്ലാതെ പരസ്യ ചിത്രങ്ങളിലും ഞങ്ങൾ ഒരുമിച്ചിട്ടുണ്ട്. മരണം ഒഴിവാക്കാനാവാത്തത് ആണല്ലോ. ജീവിച്ചിരിക്കുന്നേടത്തോളം കാലം അദ്ദേഹം സന്തോഷവാനായിരുന്നു. ആരോഗ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ നേർന്ന് പ്രാർഥിക്കുന്നു എന്നും സുബലക്ഷ്മി പറയുന്നു.