Latest News

ഏറ്റവും അധികം ഇന്‍സള്‍ട്ട് ആയവനെ ഏറ്റവും വലിയ വിജയം നേടാന്‍ കഴിയു; കുറിപ്പ് പങ്കുവച്ച് രചന നാരായണൻകുട്ടി

Malayalilife
ഏറ്റവും അധികം ഇന്‍സള്‍ട്ട് ആയവനെ ഏറ്റവും വലിയ വിജയം നേടാന്‍ കഴിയു; കുറിപ്പ് പങ്കുവച്ച്  രചന നാരായണൻകുട്ടി

മിനിസ്ക്രീനിലൂടെ  മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയായിരുന്നു. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് നടി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.  ജയറാമിന്റെ നായികയായി രചന മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ബിഗ് സ്ക്രീനിലെത്തിയത്. എന്നാൽ ഇപ്പോൾ ഫേസ്ബുക്കിലൂടെ നടി പങ്കുവെച്ചൊരു എഴുത്ത് വൈറലാവുകയാണ്.  രചന നാരായണന്‍കുട്ടി തന്റെ പേജിലൂടെ ഒന്നാം സ്ഥാനത്ത് എത്തുന്ന ആളെക്കാളും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് കൈയടി കിട്ടുന്നതിനെ കുറിച്ച് പ്രവീണ്‍ പ്രഭാകര്‍ എഴുതിയ കുറിപ്പാണ് നടി പങ്കുവച്ചിരിക്കുന്നത്.

എപ്പോഴാണ് ഒരു വേദിയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരാളേക്കാള്‍ രണ്ടാം സ്ഥാനം നേടുന്ന ആള്‍ക്ക് കയ്യടികള്‍ കൂടുതല്‍ കിട്ടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ. തീര്‍ച്ചയായും അത് ഒരിക്കലും രണ്ടാം സ്ഥാനം പോയിട്ട് ആ മത്സരത്തില്‍ പങ്കെടുക്കുന്നത് പോലും ഒരു വെല്ലുവിളിയായ ഒരാള്‍ മറ്റുള്ളവരോട് പടവെട്ടി ആ സ്ഥാനത്ത് എത്തുമ്പോളാണ്. ഒട്ടും എളുപ്പമല്ലാത്ത ചുറ്റുപാടുകളില്‍ നിന്നും ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും പോലും സ്വന്തം സ്വപ്നങ്ങളെ വിടാതെ പിന്തുടര്‍ന്ന് അതിന്റെ പത്തിലൊന്ന് എഫര്‍ട്ട് പോലും ഇല്ലാത്തവരെ പിന്നിലാക്കി തന്റെ സ്ഥാനം കെട്ടി പൊക്കുന്നവരുടെ കഥകള്‍ കേള്‍ക്കുമ്പോളാണ്.

ഈ വര്‍ഷത്തെ മിസ്സ് ഇന്ത്യ ആയി വിജയിച്ചത് തെലുങ്കാനക്കാരി മാനസ ആയിരുന്നു. പക്ഷെ കയ്യടികള്‍ മുഴുവന്‍ കൊണ്ട് പോയത് റണ്ണറപ്പ് മന്യ സിംഗ് ആണ്. ഉത്തര്‍പ്രദേശിലെ കുശിനഗറിലെ ഗലികളില്‍ റാംബ് വാക്ക് പരിശീലിച്ച ഒരു പെണ്‍കുട്ടിയെ ആ നാട്ടുകാര്‍ ആവോളം കളിയാക്കിയിട്ടുണ്ട്. അവളുടെ മോഡല്‍ ആവണമെന്നുള്ള ആഗ്രഹം പോലും വളരെ ചുരുക്കം പേരൊഴികെ എല്ലാവരിലും ചിരിയാണ് ഉണ്ടാക്കിയത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍, പട്ടിണി സ്ഥിരമായ കുടുംബത്തിലെ അംഗം, ജീവിക്കാന്‍ വേണ്ടി ഹോട്ടലുകളില്‍ പാത്രം കഴുകാന്‍ പോയവള്‍, അത് കഴിഞ്ഞ് രാത്രി കാള്‍ സെന്ററില്‍ ജോലി ചെയ്ത് പണം കണ്ടെത്തിയവള്‍.

സാധാരണ മനുഷ്യര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ എട്ടായിട്ട് മടക്കി മനസ്സില്‍ തന്നെ വെച്ച് വിധിയെ ശപിച്ച് കൊണ്ട് ജീവിതം തള്ളി നീക്കാന്‍ ഈ സാഹചര്യങ്ങള്‍ ധാരാളമാണ്. പക്ഷെ മന്യയുടെ തന്നെ ഭാഷയില്‍ 'ഒഴുക്കിയ വിയര്‍പ്പും കുടിച്ച കണ്ണ് നീരും ഊര്‍ജമാക്കിയാണ്' അവള്‍ സ്വപ്നത്തിലേക്ക് അടി വെച്ചു കയറിയത്. കൂട്ടത്തില്‍ സ്വന്തം മകളുടെ ഇഷ്ടം അതെത്ര ഉയരത്തില്‍ ഉള്ളതാണെങ്കിലും അവള്‍ക്കൊരു താങ്ങായി സമൂഹത്തിന്റെ കുത്തുവാക്കുകളെ അവഗണിച്ചു കൊണ്ട് പാറ പോലെ ഉറച്ച മനസുമായി കൂടെ നിന്ന മാതാപിതാക്കളും കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്.

ഇനി പറയാന്‍ പോകുന്നത് ഇത്രയും പോസിറ്റീവ് ആയ ഒരു വാര്‍ത്തയുടെ താഴെ വന്ന ചില കമന്റുകളെ പറ്റിയാണ്. തീര്‍ച്ചയായിട്ടും അറിയാം ബഹുജനം പലവിധമാണെന്ന്. എന്നാല്‍ പോലും പെണ്ണിന്റെ വിജയത്തെ അവളുടെ എഫര്‍ട്ടിനെ വളരെ നിസ്സാരമായ ഒന്നോ രണ്ടോ പാരഗ്രാഫ് അമേദ്യം കൊണ്ട് റദ്ധ് ചെയ്യുന്ന മനുഷ്യരോട് വെറുപ്പ് മാത്രമേ ഉള്ളു. തെരുവില്‍ റാംബ് വാക് നടത്തി പരിശീലിച്ചപ്പോള്‍ അവളെ പുച്ഛിച്ച മനുഷ്യരുടെ അതേ പ്രിവിലേജ് ഉണ്ടല്ലോ, അത് തന്നെയാണ് ഈ കമന്റ് പാസ്സാക്കിയവരുടെയും ചേതോവികാരം.

പൊതു വിഞ്ജാനവും അഭിരുചി ടെസ്റ്റുകളും അടക്കം പല കടമ്പകള്‍ കടന്നാണ് ഒരാള്‍ മിസ്സ് ഇന്ത്യ ആവുന്നത്. അവിടെ കേവലം ഗ്ലാമര്‍ മാത്രമല്ല, ആറ്റിറ്റിയൂടും പേഴ്‌സണലിറ്റിയും ലാംഗ്വേജ് സ്‌കില്ലുമെല്ലാം അളവ് കോലുകളാണ്. ഇതൊന്നും അറിയാതെ പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം. വെള്ളം സിനിമയിലെ ഒരു ഡയലോഗ് ആണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. 'ഇന്‍സള്‍ട്ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്.

ഏറ്റവും അധികം ഇന്‍സള്‍ട്ട് ആയവനെ ഏറ്റവും വലിയ വിജയം നേടാന്‍ കഴിയു.' പിന്നിട്ട വഴികളിലെല്ലാം ആവിശ്യത്തിലേറെ ഇന്‍സള്‍ട്ട് നേടി അത് ഊര്‍ജമാക്കി അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് നേടിയ പെണ്ണാണ്. വീണ്ടും അതേ ഇന്‍സള്‍ട്ടുകള്‍ കൊണ്ട് അവളുടെ കഷ്ടപാടുകളെ വില കുറച്ചു കളയാന്‍ ശ്രമിക്കുന്നവര്‍ വെറുതെ അവരുടെ സമയം കളയുകയേ ഉള്ളു. തോറ്റു പോവുകയെ ഉള്ളു.

Actress Rachana narayanan kutty note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES