എക്കാലത്തേയും മലയാളി പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. പ്രേക്ഷകരുടെ ഇടയില്‍ 1993ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖമായിരുന്നു രാമനാഥന്‍. അന്ന് രാമനാഥനായി ഡോക്ടര്‍ ശ്രീധര്‍ ശ്രീറാം ആയിരുന്നു എത്തിയത്. എന്നാൽ ഇപ്പോള്‍ മലയാള ചിത്രങ്ങളുടെ ഒരു വലിയ ആരാധകനാണ് താനെന്നും, രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നാണെന്നും പറഞ്ഞിരിക്കുകയാണ് താരം ബിഹൈന്‍ഡ് വുഡ്സ് ഐസിനോടായിരുന്നു നടന്റെ പ്രതികരണം.
ശ്രീധര്‍ ശ്രീറാമിന്റെ വാക്കുകള്‍
ഞാന്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. കഥ, അവതരണശൈലി, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അസാധാരണമായ പ്രകടനം ഇതുകൊണ്ടെല്ലാം മലയാളം സിനിമകള്‍ മികച്ചുനില്‍ക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭരത് ഗോപി എന്നിവരുടെ സിനിമകള്‍ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, അമരം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. അതുപോലെ മോഹന്‍ലാലിന്റെ ചിത്രം, കിരീടം, ഭരതം ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്’.
സാധാരണ ഒരു സിനിമയുടെ ആയുസ് പരമാവധി അഞ്ച് വര്‍ഷമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും മണിച്ചിത്രത്താഴ് പുതിയ ചിത്രത്തെ പോലെ മൂല്യവത്തായിരിക്കുന്നുണ്ടെങ്കില്‍ അത് അത്ഭുതകരമായ കാര്യമാണ്. ആദ്യമായി ഒരു സിനിമ കാണുന്നത് പോലെയാണ് മണിച്ചിത്രത്താഴ് ഇപ്പോഴും. 25 വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയാണെന്ന് തോന്നില്ലെന്നും ശ്രീധര്‍ പറഞ്ഞു.
കന്നഡ സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരത്തിന് രാമനാടാനായി മലയാള സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. സിനിമയിൽ എത്തുന്നതിന് മുന്നേ താരം ദൂരദർശനിൽ ഒരു പരമ്പരയിൽ അഭിനയിച്ചു വരുകയായിരുന്നു. ഇന്നും താരം നൃത്തത്തിൽ ഏറെ സജീവവുമാണ്.