പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് നിര്‍മല്‍ പാലാഴി. കോമഡി ഷോകളിലൂടെ സിനിമിയിലെത്തിയ നിര്‍മല്‍ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നിര്‍മല്‍. കലാ ജീവിതത്തില്‍ സജീവമായിരിക്കുമ്പോഴാണ് നിര്‍മ്മല്‍ കോഴിക്കോട് ബൈപ്പാസില്‍ വച്ച് അപകടത്തില്‍പ്പെടുന്നത്. മണിക്കൂറുകളോളം മരണത്തിനും ജീവിതത്തിനും ഇടയില്‍ കഴിഞ്ഞു. പിന്നീട് മാസങ്ങളോളം വേദനയോടെ കിടപ്പില്‍ ആയിരുന്നു. ഫിസിയോ തെറാപ്പിയും നല്ല പരിചരണവും നാട്ടുകാരുടെയും വീട്ടുകാരുടെയും, സുഹൃത്തുക്കളുടെയും സിനിമാ ലോകത്ത് ഉള്ളവരുടെയും പിന്തുണയും നിര്‍മ്മലിന്റെ തിരിച്ച് വരവ് സാധ്യമാക്കി.
മിമിക്രി രംഗത്തുനിന്നുമാണ് നിര്‍മ്മല്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കോഴിക്കോട് ജില്ലയിലെ പാലാഴി ആണ് സ്വദേശം. ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിങ്ങല്ലൂരില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്പാടും നിരവധി സ്റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മഴവില്‍ മനോരമ ചാനലിലെ കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലൂടെയാണ് താരം പ്രശസ്തനായത്. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടില്‍, ക്യാപ്റ്റന്‍, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം നിര്‍മ്മല്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. ചിലര്‍ നല്ല രീതിയില്‍ പോസ്്റ്റ് വാര്‍ത്തയാക്കിയപ്പോള്‍ ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍.
അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:
രണ്ട് ദിവസം മുന്നേ കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഫോട്ടോ പഴയ കുറച്ച് ജീവിത അനുഭവങ്ങള്‍ ചേര്‍ത്ത് എന്റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ആളുകള്‍ ഒന്ന് ലിങ്ക് ഓപ്പണ് ചെയ്യാന്‍ വേണ്ടി എന്ത് വൃത്തികേടും ഹെഡ്ഡിങ് ആക്കിയിട്ടു പോസ്റ്റ് ചെയ്ത ഈ ചാനലിനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് എന്റെ പ്രിയപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു????????. ചാനല്‍ മുതലാളിയുടെ വീട്ടിലെ സ്ത്രീകള്‍ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പന്‍ ചെയ്യുവാന്‍ ഇവരൊക്കെ എന്തും ചെയ്യും. മെസേജ് ആയിട്ടും വിളിച്ചിട്ടും കൂടെ സപ്പോര്‍ട്ട് ചെയ്ത പ്രിയപ്പെട്ടവര്‍ക്ക് ഒരായിരം നന്ദി????????????