മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ലാലു അലക്സ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി സിനിമയിലൂടെ വീണ്ടും താരം ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്. എന്നാൽ ഇപ്പോൾ ഇത്രയും കാലങ്ങളായി എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരോട് താന്‍ വെറുതെ ഇരിക്കുകയായുരുന്നു എന്നാണ് താരം പറയുന്നത്.
2091ന് ശേഷം സിനിമകള്‍ കുറഞ്ഞോ? എന്ന ചോദ്യത്തോടാണ് ലാലു അലക്‌സ് പ്രതികരിച്ചത്. സംശയിക്കണ്ടേ.. വെറുതേ കുറച്ചു നാള്‍ ഇരുന്നു. അങ്ങനെ പറയുന്നതില്‍ നാണക്കേട് വിചാരിക്കുന്നയാളല്ല താന്‍. ആദ്യ കാലത്ത് ചാന്‍സ് ചോദിച്ച് ദിവസങ്ങളോളം ഐ.വി ശശി സാറിന്റെ വീടിനു മുന്നില്‍ കാത്തിരുന്നിട്ടുണ്ടു താന്‍.
പലരോടും അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, ദൈവത്തിന്റെ ദാനം പോലെ കുറേയേറെ നല്ല സിനിമകള്‍ ചെയ്തു. താന്‍ പണ്ട് എന്തായിരുന്നോ അതുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാ ഭാഗ്യവാനാണ് ഇന്ന് താന്‍. പക്ഷേ, പല ഭാഗ്യ ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. അതാണ് തന്റെ ജീവിതം.
ആ ജീവിതം താന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ലാലു അലക്‌സ് ആരാണെന്നും എന്താണെന്നും കുറേയേറെപ്പേര്‍ക്ക് അറിയാം. ചിലര്‍ക്ക് തന്നെ കുറിച്ചു തെറ്റിദ്ധാരണകളുമുണ്ട്. തന്നോട് അടുത്തു പെരുമാറിക്കഴിയുമ്പോള്‍ അതു മാറുമെന്ന് തനിക്കുറപ്പാണ്.
ഇതിലുമേറെ സിനിമകള്‍ ചിലപ്പോള്‍ താന്‍ എറണാകുളത്തേക്കു താമസം മാറ്റിയിരുന്നെങ്കില്‍ ചെയ്യാന്‍ പറ്റിയേനേ എന്നും ലാലു അലക്‌സ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, ജനവരി 26ന് ആണ് ബ്രോ ഡാഡി ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.