ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ അറസ്റ്റില്‍. ആദിലിനെതിരേ കടുത്ത ആരോപണവുമായി രാഖി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം രാഖിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മുംബൈയിലെ ഓഷിവാര പൊലീസ് ആദിലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിനുളള കാരണങ്ങള്‍ വ്യക്തമല്ല.
ഐപിസി സെക്ഷന്‍ 406, 420 പ്രകാരമാണ് ഒഷിവാര പോലീസ് രാഖിയുടെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. വൈകുന്നേരത്തോടെ പോലീസ് എഫ്ഐആറില്‍ ഐപിസി 498 (എ), 377 എന്നീ വകുപ്പുകളും ചേര്‍ത്തു. ആദിലിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആദില്‍ ഫ്ളാറ്റില്‍ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്നാണ് രാഖിയുടെ ആരോപണം.പിന്നീട് വധശ്രമം നടത്തിയെന്നും ആരോപിച്ചു
ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നില്‍ സംഭവത്തില്‍ രാഖി മാധ്യമങ്ങളോട് സംസാരിച്ചു - 'ആദില്‍ രാവിലെ വീട്ടില്‍ എന്നെ ആക്രമിക്കാന്‍ എത്തി, ഞാന്‍ ഉടന്‍ പോലീസിനെ വിളിച്ചു. അവന്‍ എന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇന്നും അവന്‍ എന്നെ വീട്ടില്‍ തല്ലാന്‍ വന്നു. മധ്യമങ്ങളില്‍ ആദിലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം' - രാഖി വിവരിച്ചു.
രാഖിയുടെ സഹോദരന്‍ രാകേഷും രാഖിയെ പിന്തുണച്ച് രംഗത്ത് എത്തി. ആദില്‍ തന്നെ ശാരീരികമായും വാക്കാലും തന്റെ സഹോദരിയെ ആക്രമിച്ചുവെന്ന് ഇയാള്‍ പറഞ്ഞു. അതേ സമയം സംഭവം വിശദീകരിക്കവെ രാഖി പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധംകെട്ടു വീണു.
കഴിഞ്ഞ മാസമാണ് താന്‍ വിവാഹിതയായെന്ന വിവരം രാഖി വെളിപ്പെടുത്തുന്നത്. െമെസൂര്‍ സ്വദേശിയായ ആദിലുമായി 2022ല്‍ വിവാഹിതരായെങ്കിലും വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. അമ്മയുടെ ചികിത്സയ്ക്കായി നല്‍കിയ പണം ആദില്‍ അതിനായി ഇപയോഗിച്ചില്ലെന്നും ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.
ആദില്‍ തന്നെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്തു, വിവാഹത്തിന് ശേഷമാണ് മൈസൂരില്‍ ആദിലിനെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്ന് അറിയുന്നത്, ബിഗ് ബോസ് മറാത്തി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ആദിലിന് അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി, എന്നാല്‍ ആ തുക അമ്മയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചില്ല. ഇതാണ് രോഗം കൂടുതല്‍ വഷളാകാന്‍ കാരണമായത് എന്നും നടി പറയുന്നു