തെന്നിന്ത്യൻ സിനിമ പ്രേമികളിടെ പ്രിയ താരമാണ് നടൻ അബ്ബാസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാള സിനിമകളിലും പരസ്യ ചിത്രങ്ങളിൽ എല്ലാം തന്നെ താരം സജീവമായിരുന്നു. എന്നാൽ താരം അഭിനയ ജീവിതത്തിൽ ഇടവേള എടുക്കുകയും ചെയ്തു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ന്യൂസിലന്‍ഡില്‍ പെട്രോള്‍ പമ്ബ് മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്ന് പറയുകയാണ്. ഒരുമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് എല്ലാം വെളിപ്പെടുത്തിയത്.
'' ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാലും അവര്‍ ചെയ്യുന്ന മാറ്റു കാര്യങ്ങള്‍ സാകൂതം നിരീക്ഷിക്കപ്പെടും. ന്യൂസിലന്‍ഡില്‍ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്ബില്‍ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകള്‍ വളരെ ഇഷ്ടമാണ്. പിന്നെ, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. 'അഹം' എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ സഹായിച്ചു.
ഇതിന് ഇടയില്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്‌സിനെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു. ഏറെ ആത്മഹത്യാ പ്രവണതയുള്ള കുട്ടിയായിരുന്നു ഞാന്‍. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും.
പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി. അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും'' അബ്ബാസ് പറയുന്നു.