നിവിന്‍ പോളി നായകനായി 2018ല്‍ പുറത്തിറങ്ങിയ 'ചിത്രമായിരുന്നു ഹെയ് ജൂഡ്'.നിവിനും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിര്‍മാതാവ് അനില്‍ അമ്പലക്കര നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നുവെന്നും സാറ്റ്ലൈറ്റ് മൂല്യവും പരിഗണിച്ചാണ് നിവിനെ നായകനാക്കാമെന്ന് തിരുമാനിച്ചതെന്നും അനില്‍ അമ്പലക്കര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി നായകനായി വേഷമിട്ട ഹിറ്റ് ചിത്രം വല്ല്യേട്ടന്‍ അടക്കം നിര്‍മിച്ച അനില്‍ അമ്പലക്കര നടത്തിയ വെളിപ്പെടുത്തലില്‍ നിവിനെതിരെ കടുത്ത ആരോപണങ്ങളും ഉന്നയി്ക്കുന്നുണ്ട്.മുമ്പ് നിര്‍മിച്ച നടന്‍ എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിച്ച വേദിയില്‍ വച്ച് ഔസേപ്പച്ചന്‍ വഴിയാണ് ശ്യാമ പ്രസാദിനെ താന്‍ പരിചയപ്പെടുന്നതും, ഹേയ് ജൂഡ് എന്ന പ്രൊജക്ടിലേക്ക് എത്തുന്നത് എന്ന് അനില്‍ പറയുന്നു.
ആദ്യം കാളിദാസ് ജയറാമിനെയാണ് നായകനായി നിശ്ചയിച്ചത്. ഇത് ജയറാമിനോട് അടക്കം പറഞ്ഞു. കാളിദാസിനോട് കഥയും പറഞ്ഞു. എന്നാല്‍ പിന്നീട് നിവിനെ സംവിധായകന്‍ നിര്‍ദേശിക്കുകയായിരുന്നു. സാറ്റലൈറ്റ് അടക്കം ലഭിക്കും എന്നതും ഈ മാറ്റത്തിന് കാരണമായി. എന്നാല്‍ ഈ മാറ്റത്തെക്കുറിച്ച് പിന്നീട് ജയറാമിനോട് പറയാന്‍ പോയില്ലെന്നും നിര്‍മാതാവ് പറയുന്നു.
ഹേയ് ജൂഡിന് മുന്‍പ്, തമിഴില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ റിച്ചി വലിയ പരാജയമായിരുന്നു. അത് ഹേയ് ജൂഡിനെയും ബാധിച്ചു. ഫാന്‍സും മറ്റും നിവിന്‍ നായകനായ ചിത്രത്തോട് സഹകരിച്ചില്ല. എന്നാല്‍ പിന്നീട് 25 കോടി കളക്ഷന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്ററൊക്കെ ഇറക്കി, ഇതൊക്കെ നടന്മാര്‍ അവരുടെ അടുത്ത പ്രൊജക്ട് കിട്ടാന്‍ വേണ്ടി ഇറക്കുന്നതാണ്. നിവിന്റെ ഹേയ് ജൂഡിന് നാല് കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്നും അനില്‍ അമ്പലക്കര വ്യക്തമാക്കുന്നു. സിനിമ നിര്‍മാണത്തോട് പിന്നീട് മടുപ്പായി തനിക്ക് എന്നും നിര്‍മ്മാതാവ് അനില്‍ അമ്പലക്കര വ്യക്തമാക്കുന്നു.
താരത്തിന് അഡ്വാന്‍സ് ആയി 25 ലക്ഷത്തിന്റെ ചെക്കും നല്‍കി. പ്രതിഫലത്തിന്റെ കാര്യം സംവിധായകന്‍ ശ്യാമപ്രസാദിനോട് ചോദിച്ചിട്ട് ശരിയാക്കാമെന്നും പക്കാ കൊമേഴ്ഷ്യല്‍ സിനിമ അല്ലല്ലോ എന്നും താരം പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് തുടങ്ങാനിരിക്കെ നിവിന്റെ എഗ്രിമെന്റ് വാങ്ങിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോയപ്പോള്‍ ഒന്നരകോടിയാണ് അദ്ദേഹം എഴുതിയിരുന്നതെന്നും നിര്‍മാതാവ് പറഞ്ഞു. ശ്യാമ പ്രസാദിനോട് സംസാരിച്ചപ്പോള്‍ പിന്നീട് സംസാരിച്ച് ശരിയാക്കാമെന്നായിരുന്നു മറുപടി.
അവസാനം അത് വലിയൊരു പ്രശ്നമായി. സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും പാച്ച് ഡബ്ബിംഗിന് നിവിനെ വിളിച്ചപ്പോള്‍ ബാക്കി തുക തരാതെ വരില്ലെന്നും പറഞ്ഞു. പ്രതിഫലം ആദ്യം പറയാതെ ഇത്രയും തുക ആവശ്യപ്പെടുന്നത് പുതിയ അനുഭവമായിരുന്നെന്നും അനില്‍ അമ്പലക്കര പറഞ്ഞു. നാലര കോടി രൂപയാണ് തനിക്ക് ഈ സിനിമയിലൂടെ നഷ്ടമായത്. പിന്നീട് സിനിമ ചെയ്യാന്‍ പോലും മടുപ്പ് തോന്നിയെന്നും അനില്‍ അമ്പലക്കര പറഞ്ഞു
ഷൂട്ടിങ്ങിനിടെയും ഇതുപോലെ പല പ്രശ്നങ്ങള്‍ ഉണ്ടായി. ഷൂട്ടിങ് തുടങ്ങി ആറാം ദിവസം പുള്ളി മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞു. തൃഷ ഷൂട്ടിന് വന്നിട്ടും നിവിന്‍ ഇല്ലാതിരുന്നതുകൊണ്ട് ഷൂട്ടിങ് നടന്നില്ല. അമേരിക്കയില്‍ മൂന്നാലു ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ അറിയിക്കാമായിരുന്നു. ഇതെല്ലാം സിനിമയുടെ ചെലവ് കൂട്ടി. സിനിമ തീര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു ചെലവെന്നും നിര്‍മാതാവ് തുറന്നടിച്ചു.
ഗോവയിലെ ലൊക്കേഷനില്‍ വന്നപ്പോള്‍ തൃഷ ഒരു ഹോട്ടലില്‍ താമസം വേണമെന്ന് പറഞ്ഞു. അപ്പോള്‍ എനിക്കും അത്തരത്തില്‍ ഹോട്ടല്‍ വേണമെന്ന് പറഞ്ഞ് ഇദ്ദേഹവും മാറ്റിയെന്നും പ്രതീക്ഷിച്ചതിലും സിനിമയ്ക്ക് വലിയ ചെലവ് വന്നെന്നും നിര്‍മാതാവ് തുറന്നടിച്ചു