തെന്നിന്ത്യന്‍ താരദമ്പതികളായ നാഗചൈതന്യയും സമാന്തയും വിവാഹശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം മജിലി കേരളത്തില്‍ നാളെ മുതല്‍ റിലീസിനെത്തുന്നു.
ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത്തിലെന്ന പോലെ ഭാര്യയും ഭര്‍ത്താവുമായി തന്നെയാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ നാഗചൈതന്യ ക്രിക്കറ്റ് കളിക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത് ഒരു തെലുങ്ക് റൊമാന്റിക് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയം എവിടെ ഉണ്ടോ, അവിടെ വേദനയും ഉണ്ടാവുമെന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദറും തമനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഹോളിവുഡ് സംവിധായകന് സോഹന്‍ റോയ് നേതൃത്വം നല്കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കിന്റെ ആദ്യ സംരഭം കൂടിയാണിത്. മജിലി ഉള്‍പ്പടെ നാലു ചിത്രങ്ങളാണ് ഈ മാസം ഇവര്‍ ലോകത്താകമാനം വിതരണത്തിനെത്തിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്ന ഉയരെ, ബംഗാളി ചിത്രം കിയ ആന്‍ഡ് കോസ്മോസ്, ആസിഫ് അലി നായകനായ കക്ഷി അമ്മിണി പിള്ള എന്നീ ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിവുഡ് വിതരണത്തിനെത്തിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നാണ് ശ്രദ്ധേയം.