വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്നതിനിടെയില്‍ താരത്തിന്റെ മകന് സഞ്ജയ് സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നടി ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായികയാകുക എന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. രാജകുമാരനായിരിക്കും ജേസണ്‍ ചിത്രത്തിന്റെ സംവിധാനം. അജിത്തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും ജേസണ്‍ സഞ്ജയ് നായകനാകുക എന്നും റിപ്പോര്‍ട്ടുണ്ട്.
കാനഡയില്‍ സംവിധാനം പഠിച്ച ജേസണ്‍ നായകനാവുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. 1999 ല്‍ ദേവയാനിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജകുമാരന് ഒരുക്കിയ നീ വരുവായ് എന എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സീക്വലാണ് ചിത്രം. രാജകുമാരന് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുക. പാര്ത്ഥിപന്, അജിത്, ദേവയാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് നീ വരുവായ് എന.
ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജകുമാരനും ദേവയാനിയും പ്രണയത്തിലാകുന്നത്. പതിനേഴുകാരിയായ ഇനിയ രാജകുമാരന്റെയും ദേവയാനിയുടെയും മൂത്ത മകളാണ്. നിനയ്ത്തേന് വന്തായ്, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളില്‍ വിജയ്യും ദേവയാനിയും ഒരുമിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം. ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നായികയായിരുന്നു ദേവയാനി. വിവിധ ഭാഷകളില്‍ മമ്മൂട്ടി, കമല്ഹാസന്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്, മുകേഷ്, ദിലീപ് എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. കോലങ്ങള്‍ എന്ന തമിഴ് സീരിയല്‍ കരിയറില്‍ വലിയൊരു നാഴികക്കല്ലാണ്. സൂര്യവംശം കല്ലൂരി വാസല്‍, നീ വരുവായ് എന എന്നീ ചിത്രങ്ങള്‍ ദേവയാനിയുടെ കരിയറില്‍ വലിയ തിളക്കം സമ്മാനിച്ചിരുന്നു. ഇടവേളയ്ക്കുശേഷം അനുരാഗം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.