ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നുണ്ടായ ബഹളത്തിനു ശേഷം ലൊക്കേഷനിലെത്തിയ വിജയ് ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫിക്ക് വമ്പന്‍ വരവേല്പ്പാണ് ലഭിച്ചത്. മാസ്റ്റര്‍ സിനിമയുടെ നെയ്വേലിയിലെ ലൊക്കേഷനില്‍വച്ചായിരുന്നു സെല്‍ഫി എടുത്തത്..
സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതിന്റെ ആകാശക്കാഴ്ച പുറത്തു വന്നിരിക്കുകയാണ്. ഒരു സിനിമാ രംഗത്തിലേതെന്നപോലെ ആയിരങ്ങളാണ് നെയ് വേലിയില്‍ വിജയ്യെ കാണാന്‍ തടിച്ചുകൂടിയതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. 'ബിഗില്‍' സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. വിജയ്യെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ്ക്ക് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു.
അതേസമയം ആദായനികുതി വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയ്യുടെ അഭിഭാഷകന്‍ കത്ത് നല്‍കി.