കൊച്ചി: സിനിമാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് 'എന്ന് നിന്റെ മൊയ്തീന്‍'. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതെന്ന് അടയാളപ്പെടുത്തിയ സിനിമകളില്‍ ഒന്നായിരുന്നു ഇത്. ഇപ്പോഴിതാ മൊയ്തീന്‍ എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നുവെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.
പൃഥ്വിരാജിന്റെ മാത്രമല്ല ടൊവിനോ തോമസിന്റെ കരിയര്‍ ബ്രേക്ക് കൂടിയായിരുന്നു ഈ സിനിമ. കാഞ്ചനമാലയുടെയും ബി.പി മൊയ്തീന്റെയും യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പൃഥ്വിരാജ് ചെയ്ത മൊയ്തീന്‍ എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെ ആയിരുന്നുവെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. ആര്‍.എസ് വിമല്‍ കഥയും തിരക്കഥയും രചിച്ച് നിര്‍മ്മിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുന്ന സമയത്താണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്.
''എനിക്ക് വിമലുമായി നല്ല ബന്ധമാണ് ഉള്ളത്. മൊയ്തീന്റെ കഥ കേട്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞു. പക്ഷെ, കഥ പറഞ്ഞ ശേഷം വിമല്‍ പോയി. എന്നാല്‍ പപ്പേട്ടന്റെ സിനിമ ഞാന്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിമലിന്റെ പടം ചെയ്യാതിരിക്കാന്‍ ഒരു കാരണമേയുള്ളു. എന്റെ അന്നത്തെ അവസ്ഥ വെച്ചിട്ട് ഈ സിനിമയുമായി വിമലിന് മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് സംശയം തോന്നി.
ഒരുപാട് വര്‍ഷത്തെ റിസര്‍ച്ച് ഒക്കെ ചെയ്തിട്ടാണ് വിമല്‍ ഇത് ചെയ്യുന്നത്. എന്നെ വച്ചാല്‍ ആ ബജറ്റിലോ ക്യാന്‍വാസിലോ ചിത്രം ചെയ്യാന്‍ പറ്റുവോ എന്ന് തോന്നി. സിനിമാ ഇത്രയും വലിയ ലെവലില്‍ എത്തിയത് ആ സിനിമയിലെ നായകന്‍ പൃത്ഥ്വിരാജും ആ സിനിമയില്‍ അഭിനയിച്ചത് ടൊവിനോയുമെല്ലാം ആയതുകൊണ്ടാണ്. എന്റെ കരിയറില്‍ അങ്ങനെ കുറേ തീരുമാനങ്ങള്‍ എനിക്ക് എടുക്കേണ്ടി വന്നു. ഒരു സിനിമ നന്നാവണമെങ്കില്‍ അതിന് ആവശ്യമായ ചിലര്‍ വരണം. ചിലപ്പോള്‍ എന്റെ ഏറ്റവും ബെസ്റ്റ് വിമലിന്റെ അടുത്ത പടം ആയിരിക്കും...'' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ബിച്ചാള്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ശശിയും ശകുന്തളയും' 1970-75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളാണ്. രണ്ടു പാരലല്‍ കോളേജുകള്‍ തമ്മിലുള്ള പകയും അവിടെ അദ്ധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്‍ ശശിയും കണക്ക് അദ്ധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമെല്ലാമാണ് ശശിയും ശകുന്തളയും എന്ന ചിത്രം പറയുന്നത്.