ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രമായ 'ട്രാന്‍സി'ന്റെ പുതുപുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നു. ഫഹദിന്റെ വ്യത്യസ്ത ലുക്കിലുള്ള പല ചിത്രങ്ങളാണ് പുതിയ പോസ്റ്ററില്‍ ചേര്‍ത്തിട്ടുള്ളത്.കാഴ്ച്ചക്കാരന് ഒരു ഐഡിയയും കൊടുക്കാത്ത വിധം നിഗൂഡതകള്‍ നിറഞ്ഞതാണ് പോസ്റ്റര്‍. ഹോസ്പിറ്റല്‍ വേഷത്തില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചു നില്‍ക്കുന്ന ഫഹദിന്റെ പലഭാവങ്ങളാണ് പോസ്റ്ററിലുള്ളത്. അതിനാല്‍ തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഒരു പാസ്റ്റര്‍ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെയ്ക്കുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്. ഫഹദിനൊപ്പം പോസ്റ്ററില്‍ സ്തുതിപ്പ് നടത്തുന്ന വിശ്വാസികളെയും കാണാമായിരുന്നു. എന്നാല്‍ പുതിയ പോസ്റ്റര്‍ തികച്ചും നിഗൂഢമാണ്.
രണ്ട് വര്‍ഷം ഷൂട്ടിംഗ് നീണ്ട ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെയാണ് പൂര്‍ത്തിയായത്. 2017 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് ഷെഡ്യൂളുകളിലാണ് പൂര്‍ത്തിയാക്കിയത്. ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്. 2012- ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ 'അഞ്ചു സുന്ദരികള്‍' എന്ന ആന്തോളജി ചിത്രത്തില്‍ 'ആമി' എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അമല്‍ നീരദാണ്. 20 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.