തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം 'ഫോറന്‍സികിലെ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സിനിമയുടെ ചിത്രീകരണ വേളയിലെ രസകരമായ നിമിഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് നടന്‍ ധനേഷ് ആണ്. 'ഫോറന്‍സിക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ ടൊവിനോ ചേട്ടന്‍' എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ വീഡിയോ ധനേഷ് പങ്കുവെച്ചിരിക്കുന്നത്.
തലക്ക് മാരക പരിക്കുകള്‍ ഏറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നവിന്‍ മുരളി ആശുപത്രിയിലാണെന്നും ധനേഷ് കുറിച്ചിരിക്കുന്നു. ഫോറന്‍സിക് ലാബില്‍ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമില്‍ നില്‍ക്കുന്ന ടൊവിനോ പൊടുന്നനെ അവിടിരുന്ന തെര്‍മോക്കോള്‍ പീസെടുത്ത് സമീപത്ത് നിന്നിരുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നവിന്‍ മുരളിയുടെ തലയ്ക്ക് അടിക്കുന്നതും നിവിന്‍ തറയില്‍ വീഴുന്നതുമാണ് വീഡിയോയിലുള്ളത്.
ഫോറന്‍സിക്' എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് ഈ കഥാപാത്രം. മംമ്താ മോഹന്‍ദാസും 'ഫോറന്‍സിക്' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്.
സെവന്‍ത് ഡേ' എന്ന സിനിമയുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ ജോര്‍ജ്ജാണ്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.