Latest News

ആദ്യം കാണുമ്പോള്‍ ധരിച്ചിരുന്നത് മെറൂണ്‍ ഷര്‍ട്ട്; എസ്‌കെപി എന്ന കോഡിലായിരുന്നു ലാലേട്ടനെ വിളിച്ചിരുന്നത്; പ്രണവി പ്പോള്‍ സ്‌പെയിനിലെവിടെയോ ഫാമില്‍ ജോലി നോക്കുന്നു; മോഹന്‍ലാലിന്റെയും മക്കളുടെയും ഇഷ്ടങ്ങള്‍ പങ്ക് വച്ച് സുചിത്ര

Malayalilife
ആദ്യം കാണുമ്പോള്‍ ധരിച്ചിരുന്നത് മെറൂണ്‍ ഷര്‍ട്ട്; എസ്‌കെപി എന്ന കോഡിലായിരുന്നു ലാലേട്ടനെ വിളിച്ചിരുന്നത്; പ്രണവി പ്പോള്‍ സ്‌പെയിനിലെവിടെയോ ഫാമില്‍ ജോലി നോക്കുന്നു; മോഹന്‍ലാലിന്റെയും മക്കളുടെയും ഇഷ്ടങ്ങള്‍ പങ്ക് വച്ച് സുചിത്ര

തന്റെ കുടുംബ വിശേഷങ്ങള്‍ ആദ്യമായി തുറന്ന് സംസാരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍. രേഖ മേനോനുമായിട്ടുള്ള പുതിയ അഭിമുഖത്തിലൂടെയാണ് വീട്ടിലെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും താരപത്‌നി പങ്ക് വച്ചത്. മോഹന്‍ലാലുമായി ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും നടന്റെ കുക്കിങ് വിശേഷങ്ങളും അടക്കം സുചിത്ര പങ്ക് വക്കുന്നുണ്ട്. ആദ്യമായി മോഹന്‍ലാലിനെ കണ്ടത് മുതല്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതടക്കമുള്ള കാര്യങ്ങളാണ് സുചിത്ര വെളിപ്പെടുത്തിയത്. 

തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. ഒരു കല്യാണത്തിന് പോയതായിരുന്നു. അതിനു മുന്‍പ് ലാലേട്ടന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങളുടെ വീട്ടില്‍ ലാലേട്ടന് ഒരു കോഡ് വേര്‍ഡ് ഉണ്ടായിരുന്നു. അന്ന് 'എസ് കെ പി' എന്നായിരുന്നു ലാലേട്ടനെ വീട്ടില്‍ വിശേഷിപ്പിച്ചിരുന്നത്. ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് സുന്ദര കുട്ടപ്പന്‍ എന്നാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ തന്നെ അറിയുമോ എന്ന കാര്യം സംശയമാണ്.


അക്കാലത്ത് ഒരു ദിവസം അഞ്ചു കാര്‍ഡ് വീതം എങ്കിലും മോഹന്‍ലാലിന് ഞാന്‍ അയക്കുമായിരുന്നു. ഐ ലവ് യു എന്ന് മാത്രമല്ല, ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും അതില്‍ ഉണ്ടാവും. പക്ഷേ പേരോ, ഒപ്പോ ഒന്നും അതിന് കൊടുത്തിരുന്നില്ല. എങ്കിലും അവസാനം അദ്ദേഹം അത് കണ്ടുപിടിച്ചു.

ഞങ്ങളുടെ കല്യാണത്തിലേക്ക് കാര്യങ്ങളെത്തിയത് ഞാന്‍ പറഞ്ഞതിന് ശേഷമാണ്. എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായിരുന്നു. അന്നേരം അമ്മയോടും ആന്റിയോടുമാണ് എനിക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞത്. അതാരണെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഉള്ള ആളാണെന്ന് പറഞ്ഞു

അങ്ങനെ ഡാഡിയോട് പറഞ്ഞതിന് ശേഷമാണ് കൂടുതല്‍ ആലോചനയുമായി പോകുന്നത്. നടി സുകുമാരിയുമായി ഡാഡിയ്ക്ക് പരിചയമുണ്ടായിരുന്നു. ലാലേട്ടനും സുകുമാരിയാന്റിയും നല്ല അടുപ്പമുള്ളവരാണ്. ആ വഴിക്കാണ് വിവാഹം അന്വേഷിക്കുന്നതും കല്യാണത്തിലേക്ക് എത്തിയതും- സുചിത്ര പറഞ്ഞു.

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്. ഇപ്പോള്‍ അമ്മയ്ക്ക് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നമ്മള്‍ പറഞ്ഞ കാര്യത്തിന് മറുപടി എങ്ങനെയെങ്കിലും തിരിച്ചു പറയും. ചിലപ്പോള്‍ ഒരു വാക്ക് അല്ലെങ്കില്‍ ഒരു ആക്ഷനിലൂടെയാവാം. എന്റെ ദൈവമേ എന്ന വാക്കാണ് കൂടുതലായും അമ്മ പറയാറുള്ളത്...

ഇടയ്ക്ക് ഞാന്‍ ഏഷണി പറയാനൊക്കെ അമ്മയുടെ അടുത്ത് പോകുമെന്ന് സുചിത്ര പറയുന്നു. മാത്രമല്ല ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയാലോ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല. ചേട്ടന്റെ ഭാര്യയായിട്ട് പോലും അഭിനയിക്കേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഞാന്‍ അഭിനയിക്കുന്നതിനോട് 
ഒട്ടും താല്‍പര്യമില്ലായിരുന്നു.  

മകള്‍ മായയെ കുറിച്ച് പറയുകയാണെങ്കില്‍ ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെണ്‍മക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതുംഎങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മില്‍ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോള്‍ ഒരുമിച്ചു ബെഡില്‍ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിന്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും സുചിത്ര പറയുന്നു..

പ്രണവ് ഇപ്പോള്‍ സ്പെയിനിലാണെന്നും അവിടെ ഏതോ ഒരു ഫാമില്‍ എന്തോ ജോലി ചെയ്യുന്നുണ്ട്. എനിക്കറിയില്ല ശരിക്കും എന്താണ് എന്ന്. പൈസ കിട്ടില്ല. അതൊരു അനുഭവമാണ്. താമസവും ഭക്ഷണം അവര്‍ നല്‍കും. ആട്ടിന്‍കുട്ടിയോ കുതിരയെയോ നോക്കാനായിരിക്കുമെന്നും സുചിത്ര മോഹന്‍ലാല്‍ മകനെ കുറിച്ച് പറയുന്നു.

വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. എന്നാല്‍ അവന് ഇഷ്ടമുള്ളതാണ് ചെയ്യുക. അതാണ് അവന്റെ രീതി എന്നും പ്രണവിനെ കുറിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍ പറയുന്നു. വര്‍ഷത്തില്‍ രണ്ടു സിനിമകളെങ്കിലും പ്രണവ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ പ്രണവിന്റെ ഇഷ്ടം മറ്റൊന്നാണെന്നും സുചിത്ര പറയുന്നു. സിനിമയുടെ കഥകള്‍ താന്‍ കേള്‍ക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണ്. 

പ്രണവിന് സ്വന്തമായ ചില തീരുമാനങ്ങളുണ്ടെന്നും അതില്‍ നിന്ന് മാറില്ലെന്നും സുചിത്ര പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ടു പടമെങ്കിലും ചെയ്യണമെന്ന് താന്‍ പറയാറുണ്ടെങ്കിലും അവന്‍ കേള്‍ക്കില്ല. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നും, അവന്‍ പറയുന്നതാണ് ശരിയെന്ന്! ഇതൊരു ബാലന്‍സ് ആണല്ലോ എന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
        
എല്ലാവരും പ്രണവിനെ അച്ഛന്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്യുമെന്നും അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹന്‍ലാല്‍ ആകാന്‍ പറ്റില്ലല്ലോ എന്നും സുചിത്ര ചോദിക്കുന്നു. മോഹന്‍ലാലിന്റെ ഏതെങ്കിലും സിനിമകള്‍ പ്രണവ് ചെയ്തിരുന്നെങ്കില്‍ എന്ന് തനിക്ക് ആഗ്രഹമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ അവരെ ഇരുവരേയും താരതമ്യം ചെയ്യുകയോ ജഡ്ജ് ചെയ്യുകയോ ചെയ്‌തേക്കാം. അതുകൊണ്ട് എനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നും സുചിത്ര വ്യക്തമാക്കി.
ചപ്പാത്തിയും ബീഫ് ഫ്രൈയുമാണ് അപ്പുവിന്റെ ഇഷ്ടഭക്ഷണം. മായക്ക് എരിശ്ശേരി തൊട്ട് എല്ലാം ഇഷ്ടമാണെന്നും സുചിത്ര പറഞ്ഞു.


 

suchitra mohanlal says about personal life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക