കൊച്ചിയിലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനും കൂട്ടാളി ഷിഹാസിനും എതിരെ ശക്തമായ നടപടികള്‍ക്ക് പോലീസ്. ഇരുവരും സമീപകാലത്തു രഹസ്യമായി ശ്രീലങ്കയും ലക്ഷദ്വീപും സന്ദര്‍ശിച്ചെന്ന വിവരം അന്വേഷിക്കും. സന്ദര്‍ശിച്ച നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.
രാവിലെ 10നു മരട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടിസ് നല്‍കി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവര്‍ നടത്തിയ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും. എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് അന്വേഷണം നീട്ടാനാണ് പദ്ധതി. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനാഥ് ഭാസിയേയു പ്രയാഗ മാര്‍ട്ടിനേയും ചോദ്യംചെയ്യുക. കേരളാ പോലീസിലെ അന്വേഷണ മികവിന് പേരു കേട്ട ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍. കേരളാ പോലീസിലെ സേതുരാമ്മയ്യര്‍ എന്നാണ് വിളിപ്പേര്. മമ്മൂട്ടിയുടെ സുഹൃത്തു കൂടിയായ രാജ്കുമാര്‍ സൂപ്പര്‍ താരത്തിന്റെ നാട്ടുകാരാന്‍ കൂടിയാണ്. തമ്പ് സ്വദേശിയായ രാജ് കുമാര്‍ നിരവധി നിര്‍ണ്ണായക കേസുകളില്‍ തുമ്പുണ്ടാക്കിയിട്ടുണ്ട്.
സമ്മര്‍ദ്ദത്തിന് കീഴ്പ്പെടാത്ത ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിക്കുന്നതെന്നതാണ് ഏറെ നിര്‍ണ്ണായകം. മട്ടാഞ്ചേരി മാഫിയയാണ് സിനിമയിലെ മയക്കുമരുന്ന് ലോബി. ഈ മാഫിയയിലേക്ക് അന്വേഷണം എത്തുമോ എന്നതാണ് അറിയേണ്ടത്. ഏതായാലും സിനിമാ ലോകം അമ്പരപ്പിലാണ്. ശ്രീനാഥ് ഭാസിയുടേയും പ്രയാഗാ മാര്‍്ട്ടിന്റേയും മുടിയും നഖവും പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയേക്കും.
ഇവരടക്കം 20 പേര്‍ പ്രതികളെ ഹോട്ടലില്‍ സന്ദര്‍ശിച്ചതായാണു നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നു പൊലീസിനു മനസിലായത്. ഇവരുടെ രക്തസാംപിളുകള്‍ ലഹരി പരിശോധനയ്ക്കു വേണ്ടി അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയുടെ ഫലം ലഭിക്കുന്നതോടെ എന്തെങ്കിലും രാസലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു വ്യക്തമാകും. ലക്ഷദ്വീപില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി പ്രതികള്‍ക്കുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. ഈ ഓഫിസര്‍ പ്രതി ഷിഹാസിന്റെ സഹപാഠിയും സുഹൃത്തുമാണെന്നാണു പ്രാഥമിക വിവരമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കേസില്‍ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു. ഫാേണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. മരട് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഓം പ്രകാശും ഫൈസലും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. നഗരത്തിലെ ലഹരിമാഫിയ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് അന്വേഷണം പുതിയ തലത്തിലെത്തിക്കും. കൊക്കെയിനിന് പുറമെ മറ്റ് രാസലഹരിമരുന്നുകളും ഓംപ്രകാശിന്റെ മുറിയിലെത്തിച്ചുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം. കേസില്‍ സിനിമാതാരങ്ങളെ ചോദ്യംചെയ്യാനിരിക്കെ പ്രയാഗ ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് പിതാവ് സ്ഥിരീകരിച്ചു.
നഗരത്തിലെ നക്ഷത്രഹോട്ടലില്‍ മൂന്ന് മുറികളെടുത്താണ് ഓംപ്രകാശും സംഘവും ശനി,ഞായര്‍ ദിവസങ്ങളില്‍ തങ്ങിയത്. ഇവിടേക്കാണ് ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ ഉള്‍പ്പെടെ ഇരുപതിലേറെപേര്‍ ശനിയാഴ്ച എത്തിയത്. ഞായറാഴ്ച പൊലീസിന്റെ റെയ്ഡല്‍ കൊക്കെയിന്റെ അവശേഷിപ്പുകളും മദ്യകുപ്പികളും കണ്ടെത്തി. ഇന്നലെ മുറികളില്‍ ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കൂടുതല്‍ ലഹരിമരുന്നിന്റെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകള്‍ ലഭിച്ചു. ഇതാണ് കൂടുതല്‍ ലഹരിമാഫിയ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്നേ ദിവസം മുറിയിലെത്തിയ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ പ്രയാഗ നല്ല കുട്ടിയാണെന്നാണ് പിതാവിന്റെ അഭിപ്രായം. കൂടുതല്‍ സിനിമാതാരങ്ങളുടെ പങ്കും അന്വേഷണപരിധിയിലുണ്ട്.