ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസ് മടങ്ങിവരുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം കടുവയാണ് ഷാജി കൈലാസിന്റെ മടങ്ങി വരവ് ചിത്രമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്നലെ പുറത്തുവിട്ടതോടെ ആരാധകരും ആവേശത്തിലാണ്.
ഇന്ദുചൂഡന്റെ പറഞ്ഞത് പോലെ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവ് എന്ന കുറിപ്പ് പൃഥ്വിരാജിന്റെയും സംവിധായകന്‍ ഷാജി കൈലാസിന്റെയും ഫേസ്ബുക്ക് പേജുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പിന് കൂടുതല്‍ ആവേശം നല്കുന്ന ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതോടെ അണിയറ വിശേഷങ്ങള്‍ അറിയാനാണ് ഓരോരുത്തരും കാത്തിരിക്കുന്നത്.
'ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്റര്‍ടെയ്നറാകും കടുവയെന്ന് തിരക്കഥാ കൃത്ത് ജിനു വി എബ്രഹാം പങ്ക് വച്ചുകഴിഞ്ഞു. തൊണ്ണൂറുകളാണ് കഥാപശ്ചാത്തലം. സിനിമയുടെ മുടക്കിനെക്കുറിച്ചോ ഷൂട്ടിങ്ങിനുവേണ്ടി വരുന്ന സമയത്തെക്കുറിച്ചോ കൃത്യമായ പദ്ധതികളില്ലാതെ ചെയ്യേണ്ട ഒന്നാകും ഇത്. കാരണം അത്ര വലുപ്പമുള്ള സിനിമയാണ്. തെന്നിന്ത്യയില്‍ നിന്നു വലിയൊരു താരം ചിത്രത്തിലെത്തുന്നുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. ആക്ഷനാണ് പ്രാധാന്യം. 'മാസിനു വേണ്ടി കുത്തിനിറയ്ക്കുന്ന ആക്ഷന്‍ കാഴ്ചകളാകില്ല കടുവയിലേത്.' മനോരമയുമാലുള്ള അഭിമുഖത്തില്‍ ജിനു പറഞ്ഞു.
മാസ്റ്റേഴ്സ്, ലണ്ടന്‍ബ്രിഡ്ജ്, ആദം ജോണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനുവും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് കടുവ. ഇതില്‍ ആദം ജോണിന്റെ സംവിധായകന്‍ ജിനു തന്നെയായിരുന്നു. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രനാണ് കടുവയുടെ ഛായാഗ്രാഹകന്‍.ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മലയാള സിനിമ 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആണ്. പൃഥ്വിരാജിനെ നായകനാക്കി മുമ്പ് സിംഹാസനം എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആയിരുന്നു ഷാജി കൈലാസ് അവസാനം ചെയ്ത മലയാള ചിത്രം. എന്നാല്‍ അതിന് ശേഷം രണ്ട് ചിത്രങ്ങള്‍ തമിഴില്‍ ഒരുക്കി. എന്‍ വഴി തനി വഴി, വൈഗ എക്സ്പ്രസ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.