മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത 'ലാല്‍ സലാം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേളയില്‍ രജനികാന്ത് വികാരാധീനനായി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ലാല്‍ സലാംമില്‍ രജനികാന്ത് അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തെയും സംവിധായികയായ മകളെയും കുറിച്ച് സംസാരിച്ച രജനി, പ്രസംഗത്തിനിടെ പല തവണ വികാരാധീനനായി. തന്റെ മൂത്ത മകള്‍ ഐശ്വര്യ തനിക്ക് അമ്മയെപ്പോലെയാണ് എന്ന് അദ്ദേഹം പറഞ്ഞു.
പത്തു ശതമാനം സ്നേഹം കൊടുത്താല്‍ നൂറു ശതമാനം അവള്‍ തിരിച്ചു തരും. എനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ രണ്ടു മാസം അമേരിക്കയില്‍ ചികിത്സ തേടേണ്ടി വന്നു. അപ്പോള്‍ എനിക്കൊപ്പം വന്ന്, എന്റെ കാര്യങ്ങള്‍ എല്ലാം ഒരമ്മയെപ്പോലെ, ഒറ്റയ്ക്ക് നോക്കിയത് ഐശ്വര്യയായിരുന്നു.
എന്റെ രണ്ടാമത്തെ അമ്മയാണ് അവള്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. അങ്ങനെ പറയുന്നത് കൊണ്ട് രണ്ടാമത്തെ മകള്‍ സൗന്ദര്യ പിണങ്ങുകയുമില്ല. അമേരിക്കയില്‍ പോകേണ്ടി വന്ന സമയത്ത് അവളും പറഞ്ഞിരുന്നു എനിക്ക് കൂടെ വരണം എന്നുണ്ട് അച്ഛാ, എന്റെ സാഹചര്യം അനുവദിക്കുന്നില്ല. ഒരു കൈകുഞ്ഞുണ്ടായിരുന്നു സൗന്ദര്യയ്ക്കപ്പോള്‍.'രജനി പറഞ്ഞു.
വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലാല്‍ സലാം.' ഐശ്വര്യയുടെ അച്ഛനും സൂപ്പര്‍സ്റ്റാറുമായ രജനികാന്ത് ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നു എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ 'മൊയ്ദീന്‍ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന.തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
അതേസമയം ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. രജനീകാന്ത് ഉള്‍പ്പെടെ നിരവധിപേരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രജനീകാന്തിന്റെ ആശംസ.
'എന്റെ പ്രിയപ്പെട്ട മകള്‍ ഐശ്വര്യയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകള്‍ . നിന്റെ ചിത്രം വലിയവിജയകരമായി മാറട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് 'രജനീകാന്ത് കുറിച്ചത്. വീല്‍ ചെയറില്‍ ഇരിക്കുന്ന രജനിയെ ഉന്തിക്കൊണ്ടുപോകുന്ന ഐശ്വര്യയെയാണ് ചിത്രത്തില്‍ കാണുന്നത്.