മലയാളികള്‍ അഘോഷമാക്കി മാറ്റിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭവമായി എത്തിയ ചിത്രത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ലൂസിഫറിന് രണ്ടാം ഭാഗം ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൃഥിരാജ്.
കഴിഞ്ഞദിവസം നടന്ന വനിതാ ഫിലിം അവാര്‍ഡുദാന ചടങ്ങില്‍ മികച്ച നടന്‍, നടി, സംവിധായകന്‍, ജനപ്രിയചിത്രം എന്നീ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് ലൂസിഫറായിരുന്നു. ആവാര്‍ഡ് സ്വീകരിക്കാന്‍ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് പൃഥ്വി വേദിയിലെത്തിയത്. അവാര്‍ഡ് വാങ്ങിയ ശേഷം പൃഥി സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
'മുരളി ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോള്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാല്‍ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേര്‍സ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിന്‍സ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാന്‍ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ.
ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാന്‍ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാര്‍ഡ് നിര്‍മാതാവിന് അവകാശപ്പെട്ടതാണ്. ഞാന്‍ ഇത്രയും പൊക്കിപ്പറയാന്‍ കാര്യം, ഇതിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാന്‍.'-പൃഥ്വി പറഞ്ഞു.