മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം മമ്മൂട്ടി തന്നെയായിരുന്നു അറിയിച്ചത്.
പാക്കപ്പ് സമയത്ത് മുഴുവന്‍ ടീമിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചായിരുന്നു മെഗാസ്റ്റാര്‍ ഇക്കാര്യം അറിയിച്ചത്. ആരാധകര്‍ക്കിടയില്‍ ഈ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ഈ ചിത്രങ്ങള്‍ക്ക് താഴെ വന്ന ഒരു കമന്റാണ് സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തില്‍ നായികയായി എത്തിയ പ്രാചി തെഹ്‌ലാന്‍ ആണ് ചിത്രത്തിനു താഴെ കമന്റു ചെയ്തയാള്‍. സിനിമയുടെ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. 'ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്' പ്രാചി പറഞ്ഞു. മികച്ച ഫോട്ടോ ആണെന്ന് കൂടി പറഞ്ഞ് മമ്മൂട്ടിയ്ക്ക് അഭിനന്ദനമറിയിച്ചാണ് നടി കമന്റ് അവസാനിപ്പിക്കുന്നത്.
നടിയുടെ കമന്റ് വലിയ ശ്രദ്ധ നേടുന്നുണ്ട്. പ്രാചി പറയുന്നത് ശരിയായ കാര്യമാണ് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.
പഞ്ചാബി ചിത്രങ്ങളിലൂടെ സിനിമയില്‍ അരങ്ങേറിയ പ്രാചി തെഹ്!ലാന്റെ മലയാള സിനിമയിലെ അരങ്ങേറ്റമായിരുന്നു 'മാമാങ്കം'. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ 'റാമി' ലും പ്രാചി അഭിനയിക്കുന്നുണ്ട്.
മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ നിര്‍മ്മാണവും. കൊച്ചി കൂടാതെ പൂനെ കൂടാതെ പാലാ, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്.