'നോട്ട് ബുക്ക്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി, മലയാള സിനിമയില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പാര്‍വതി അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന, കൃത്യമായ നിലപാട് എടുക്കുന്ന നടിയുടെ പുതിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.റെഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇതുകൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും ചോദിക്കുകയാണ് താരം. താരത്തിന്റെ വാക്കുകള്‍ വൈറലാകുകയാണ്. 'സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇന്‍ഫ്ലുവന്‍സ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആള്ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല.
എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിച്ചാല്‍ ഞാന്‍ ഹാപ്പി ആണ്. ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പര്‍ ആക്ടേഴ്സ്...'' പാര്‍വ്വതി പറയുന്നു. റെഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ തുറന്നു പറഞ്ഞത്.
ഈ വീഡിയോ വൈറലായതിനു പിന്നാലെ പലരും നിരവധി കമന്റുകളും കുറിക്കുന്നുണ്ട്. 'മോഹന്‍ലാല്‍,മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് അറ്റന്ഷന് സീക്കിംഗ് പരിപാടിക്ക് വേണ്ടി പറയുന്നതാണ്, ഫെമിനിസം ഓവറായിട്ട് മെഴുകി മെഴുകി നല്ല പടങ്ങള്‍ ഇല്ലാണ്ടായി സാരില്ല താരമൂല്യമുള്ള നടന്മാര് പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല ഫ്രസ്ട്രേഷന്‍ കാണും, പാറുന്റെ മനസ്സിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ റീമ കല്ലിങ്കല്‍...' എന്നിങ്ങനെ പലതുണ്ട് കമന്റുകള്‍.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന തങ്കലാന് എന്ന ചിത്രമാണ് പാര്‍വതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് പാര്‍വതി ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.