സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ ജയിലര്‍ ഇന്ന് റിലീസ് ആയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തിയിരുന്നു. ലാലിന്റെ 'മാത്യു' എന്ന കാമിയോ വേഷത്തിന് വന്‍ വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
ദൃശ്യം സീരീസ്, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേറ്റ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഓഗസ്റ്റ് 12 ശനിയാഴ്ച ടൈറ്റില്‍ പുറത്തുവിടുമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ച് മണിക്കാകും അനൗണ്‍സ്മെന്റ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 33മത് ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം
ട്വല്‍ത്ത് മാന്‍ ശേഷം മോഹന്‍ലാല്‍- ജീത്തു കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ദൃശ്യം 3 ആയിരിക്കുമെന്ന തരത്തില്‍ നേരത്തെ പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാംഭാഗം ഉടനില്ലെന്ന് സംവിധായകന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സിനിമയുടെ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
പ്രൊഡക്ഷന്‍ നമ്പര്‍ 33 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ലാല്‍ ആരാധകരും പ്രേക്ഷകരും. നടന് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എംപുരാന്' എന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഈ ചിത്രം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 200 കോടിയാണ് ബജറ്റില്‍ ഒരുങ്ങുന്ന 'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. നന്ദകിഷോര്‍ ആണ് സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന് എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.