ചലച്ചിത്ര നയരൂപീകരണത്തിന് ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ കമ്മിറ്റിയില്‍നിന്ന് മഞ്ജുവാര്യരും രാജീവ് രവിയും നിന്ന് പിന്മാറി. കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റി രൂപീകരണം വിവാദത്തിലായതിന് പിന്നാലെയാണ് പിന്മാറ്റം. തന്നോട് ആലോചിക്കാതെ അംഗം ആക്കിയതില്‍ എതിര്‍പ്പ് അറിയിച്ചാണ് രാജീവ് രവി പിമാറിയത്. ജോലി തിരക്ക് ഉന്നയിച്ചാണ് മഞ്ജു വാര്യര്‍ അസൗകര്യം അറിയിച്ചത്.
കമ്മിറ്റിക്കെതിരേ ഫിലിം ചേംബറും വിമന്‍ ഇന്‍ സിനിമാ കലക്ടീവും(ഡബ്ള്യൂ. സി.സി.) എതിര്‍പ്പുയര്‍ത്തിയിരുന്നു. സിനിമാ സംഘടനകളുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചതെന്നാണ് ആക്ഷേപം. നയരൂപീകരണ കമ്മിറ്റിയില്‍ സിനിമയെ ആഴത്തില്‍ അറിയാവുന്നരാണ് വേണ്ടിയിരുന്നതെന്നാണ് പരക്കേ ഉയര്‍ന്ന അഭിപ്രായം. മഞ്ജുവാര്യര്‍, പത്മപ്രിയ, നിഖില വിമല്‍, എന്നിവരെല്ലാമാണ് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയിലുള്ളത്. ഷാജി എന്‍. കരുണിനു പുറമേ മിനി ആന്റണി, സന്തോഷ് കുരുവിള, മുകേഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
എന്നാല്‍, സംഭവം വിവാദമായതോടെ കമ്മറ്റിയുടെ രൂപീകരണം നടപ്പിലാക്കിയ രീതിയെ എതിര്‍ക്കുന്നുവെന്ന് നേരത്തേ ഡബ്ള്യൂ.സി.സി. വ്യക്തമാക്കിയിരുന്നു. ഇത്ര സുപ്രധാനമായ കമ്മിറ്റിയുടെ ഭാഗമാകാനുള്ള യോഗ്യത എന്താണെന്നുപോലും അവ്യക്തമാണെന്ന് ഡബ്ള്യൂ.സി.സി. ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായി രൂപീകൃതമായ ഈ കമ്മിറ്റിയെക്കൊണ്ട് സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോയെന്ന സംശയമുണ്ടെന്നും ഡബ്ള്യൂ.സി.സി. ആശങ്കപ്പെടുന്നു.
വിഷയത്തില്‍ പ്രതികരിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിലവിലെ തീരുമാനം അന്തിമമല്ലെന്നും ലൈറ്റ് ബോയ് മുതല്‍ മെഗാസ്റ്റാര്‍ വരെ പങ്കെടുക്കുന്ന മെഗാ കോണ്‍ക്ലേവിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക എന്നറിയിക്കുകയും ചെയ്തു.