തെലുങ്ക് സിനിമയില്‍ വലിയ ആരാധക വൃന്ദമുള്ള താരമാണ് മഹേഷ് ബാബു. നടന്റെ പാത പിന്തുടര്‍ന്ന് മകള്‍ സിതാരയും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈയടുത്താണ് താരപുത്രി ഒരു പരസ്യത്തില്‍ അഭിനയിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ആദ്യ പരസ്യത്തില്‍ നിന്ന് ലഭിച്ച പ്രതിഫലം സാമൂഹ്യ സേവന സംഘടനയ്ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ സിതാരയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനങ്ങളറിയി ച്ചെത്തിയിരിക്കുകയാണ് മഹേഷ് ബാബുവിന്റെ ആരാധകര്‍.
സിനിമ കാണാനും അഭിനയിക്കാനും ഒരുപാട് ഇഷ്ടമാണെന്ന് സിതാര ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പ്രിന്‍സസ് ജ്വല്ലറിയുടെ പരസ്യത്തിലാണ് താരപുത്രി അഭിനയിച്ചത്. ഈ പരസ്യം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ലോഞ്ച് ചെയ്തിരുന്നു. 'അഭിമാന നിമിഷം' എന്നാണ് ടൈംസ് സ്‌ക്വയറിലെ ലോഞ്ചിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മഹേഷ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മഹേഷ് ബാബു നായകനായ 'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രത്തിലെ ഒരു പാട്ടില്‍ സിതാര അഭിനയിച്ചിട്ടുണ്ട്. കൂടാതെ 2019-ല്‍ പുറത്തിറങ്ങിയ ഡിസ്‌നി ചിത്രം 'ഫ്രൊസണ്‍ 2'-ന്റെ തെലുങ്ക് വേര്‍ഷന് എല്‍സ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതും സിതാരയാണ്. താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിന് പിന്തുണയറിയിച്ചും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.