450ലധികം സിനിമകളില്‍ അഭിനയിച്ച് മലയാളികളെ ഏറെ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടിയാണ് ലളിതശ്രീ. നടന്‍ ജഗതി ശ്രീകുമാറിനൊപ്പമുള്ള ലളിതശ്രീയുടെ രംഗങ്ങളാണ് എന്നും എക്കാലവും ആരാധക മനസുകളില്‍ ആദ്യം ഓടിയെത്തുക. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള നടിയുടെ മുഖം പ്രായഭേദമന്യേ പ്രേക്ഷകര്‍ക്കെല്ലാം തന്നെ പരിചിതമാണ്. കുട്ടിക്കാലത്തെ സിനിമയിലേക്ക് എത്തിയ നടിയുടെ സ്വകാര്യ ജീവിതം ഏറെ വേദനകളും കണ്ണീരും നിറഞ്ഞതായിരുന്നു. ജീവിതം തന്നെ മടുത്തും വെറുത്തും പോകുന്ന ഘട്ടങ്ങളില്‍ പലപ്പോഴും എത്തിയിട്ടും എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോയത് തന്നെ ഓര്‍ത്ത് ചുറ്റും കഴിയുന്ന പ്രിയപ്പെട്ടവരെ കരുതിയായിരുന്നു.
കോട്ടയം സ്വദേശിനിയായ ലളിതശ്രീയുടെ പിതാവ് ചന്ദ്രശേഖരന്‍ ഒരു ഡോക്ടറായിരുന്നു. പാലക്കാടുകാരിയായിരുന്നു അമ്മ. നടിയുടെ കുട്ടിക്കാലത്തു തന്നെ അച്ഛന്‍ കുടുംബത്തെയും കൂട്ടി വിജയവാഡയിലേക്ക് താമസം മാറുകയായിരുന്നു എന്നാല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലളിതശ്രീയുടെ അച്ഛന്‍ മരിച്ചത്. തുടര്‍ന്നാണ് ആ കുടുംബം മദ്രാസിലേക്ക് വരികയും 15-ാം വയസില്‍ ഉണര്‍ച്ചികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുകയും ചെയ്തത്. അതോടെ ലളിതശ്രീയുടെ പഠനവും മുടങ്ങി. തുടര്‍ന്ന് സിനിമയില്‍ തന്നെ സജീവമായി നിലനില്‍ക്കുകയായിരുന്നു.
തമിഴ്, കന്നഡ, തെലുഗു, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ ലളിതശ്രീ അഭിനയിച്ചു. മലയാളത്തിലാണ് ഏറ്റവും അധികം ചിത്രങ്ങളില്‍ അഭിനയിച്ചത്. 1974ല്‍ തുടങ്ങിയ അഭിനയം 2020 വരെയും തുടര്‍ന്നു. ഇതിനിടയില്‍ നിരവധി വര്‍ഷങ്ങളോളം അഭിനയ ജീവിതത്തില്‍ നിന്നും നടിയ്ക്ക് ഇടവേള എടുക്കേണ്ടിയും വന്നിരുന്നു. അതിനു കാരണം പ്രണയ വിവാഹ ജീവിതവും ദാമ്പത്യത്തിനിടയിലുണ്ടായ നിരവധി പ്രശ്നങ്ങളും ആയിരുന്നു. ഇപ്പോഴതെല്ലാം ഒരു പേടി സ്വപ്നമാണ് ലളിതശ്രീയ്ക്ക്. പ്രതീക്ഷകളോടെ തുടങ്ങിയ ദാമ്പത്യം വലിയൊരു ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ലളിതശ്രീയും വിജയസാരഥിയും. ഹിന്ദു ആയിരുന്നുവെങ്കിലും ജാതി വേറെയായതിനാല്‍ വീട്ടുകാര്‍ക്കൊപ്പം വിജയസാരഥിയോട് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊന്നും തനിക്കൊരു വിഷയമേ അല്ലായെന്ന നിലപാടിലായിരുന്നു ലളിതശ്രീ. വീട്ടുകാര്‍ മാത്രമല്ല, സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. സിനിമാ ഫീല്‍ഡില്‍ ഉള്ളവര്‍ തന്നെ ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും എല്ലാവരെയും ധിക്കരിച്ച് വിവാഹത്തിന തയ്യാറാവുകയായിരുന്നു നടി. അങ്ങനെ വിവാഹവും കഴിഞ്ഞു. എന്നാല്‍ പിന്നീടാണ് നടി സത്യങ്ങളെല്ലാം മനസിലാക്കിയത്.
ആദ്യമൊക്കെ സന്തോഷകരമായ ദാമ്പത്യമായിരുന്നു. അതിനിടെ ഗര്‍ഭിണിയാവുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നടിയും വീട്ടുകാരും എല്ലാം ഒന്നാവുകയും സ്നേഹത്തോടെ കഴിഞ്ഞ നാളുകളുമായിരുന്നു പിന്നീട് വന്നത്. എന്നാല്‍ അതിനധികം ആയുസുണ്ടായില്ല. ജനിച്ച് മൂന്നാം മാസം ആ കുഞ്ഞ് മരിച്ചു. സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു ലളിതശ്രീയ്ക്ക് ആ മരണം. കാത്തിരുന്ന് നൊന്തു പ്രസവിച്ച കുഞ്ഞിന്റെ വിയോഗം ലളിതശ്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തി. അപ്പോഴാണ് ഭര്‍ത്താവ് വിജയസാരഥിയുടെയും സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായത്. നടിയെ ശാരീരികമായി ഉപദ്രവിക്കുകയൊന്നും ചെയ്തിരുന്നില്ല. എങ്കിലും അയാള്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പം ആ ജീവിതത്തിലേക്ക് പോവുകയായിരുന്നു.
അതിനു പിന്നാലെയാണ് അമ്മയുടെ മരണവും സംഭവിച്ചത്. ഇതോടെ തനിച്ചായ ലളിതശ്രീ പൂര്‍ണമായും ഭര്‍ത്താവില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിച്ചു. അങ്ങനെ വിവാഹമോചനവും നേടിയെടുത്തു. അതു കഴിഞ്ഞും നിരവധി വിവാഹാലോചനകള്‍ വന്നെങ്കിലും അതിലൊന്നും താല്‍പര്യം തോന്നിയിരുന്നില്ല. ആദ്യ വിവാഹം ഒരു തെറ്റായ തീരുമാനമായിരുന്നു. അതില്‍ കുറ്റബോധം തോന്നി നീറി ജീവിച്ചു. ജന്മം നല്‍കിയ കുഞ്ഞിനെ അടക്കം നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ ഇനിയുമൊരു ജീവിതം ഉണ്ടായാല്‍ അതും തകര്‍ന്നാല്‍ സഹിക്കാനുള്ള കരുത്ത് ഇന്ന് ലളിതശ്രീയ്ക്ക് ഇല്ല.