മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ പ്രതികരിച്ച് നടന്‍ ജയന്‍ ചേര്‍ത്തല. പുതിയ ചിത്രമായ മായമ്മുടെ പ്രൊമോഷന്‍ പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്ക് നേരെ ഇത്തരമൊരു അക്രമണം നടക്കുമ്പോള്‍ താരസംഘടനയായ അമ്മ ഇടപെടാത്തത് അപലപനീയമാണെന്നും ജയന്‍ ചേര്‍ത്തല. പറഞ്ഞു.
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പിയടക്കമുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു.ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാള്‍ ഉണ്ടാകില്ല. അത് മറ്റാരുടെയും അനുഭവം വെച്ചല്ല എന്റെ തന്നെ അനുഭവം വെച്ച് പറയാമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്, താനും അമ്മയിലെ മെമ്പറാണെന്നും ജയന്‍ പറഞ്ഞു.
എന്നെപ്പോലെ ഒരുപാട് ആളുകളെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് മമ്മൂക്ക. ചേര്‍ത്തലയില്‍ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയില്‍ വില്ലന്‍ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വര്‍ഗീയവാദിയാകുന്നതെന്നും ജയന്‍ ചോദിച്ചു.
ഞാന്‍ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസല്‍മാനും. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വന്തം സമുദായത്തില്‍ ഉള്ളവരെ മാത്രം സിനിമയില്‍ കൊണ്ടുവരാമല്ലോയെന്നും ജയന്‍ ചേര്‍ത്തല ചോദിച്ചു. കിംങ് ആന്‍ഡ് ദി കമ്മീഷ്ണര്‍ പോലുള്ള സിനിമകളില്‍ സീരിയലില്‍ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലന്‍ വേഷം തന്നത് മമ്മൂട്ടിയാണെന്നും ജയന്‍ പറഞ്ഞു. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.