Latest News

മലയാളത്തിന്റെ നിറചിരി മാഞ്ഞു! നടനും മുന്‍ എംപിയുമായ ഇന്നസന്റ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം; അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; അഞ്ചു പതിറ്റാണ്ടിനിടെ ജീവന്‍ പകര്‍ന്നത് 700 ഓളം ചിത്രങ്ങളിലെ അനശ്വര കഥാപാത്രങ്ങള്‍ക്ക്

Malayalilife
മലയാളത്തിന്റെ നിറചിരി മാഞ്ഞു! നടനും മുന്‍ എംപിയുമായ ഇന്നസന്റ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം; അന്ത്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; അഞ്ചു പതിറ്റാണ്ടിനിടെ ജീവന്‍ പകര്‍ന്നത് 700 ഓളം ചിത്രങ്ങളിലെ അനശ്വര കഥാപാത്രങ്ങള്‍ക്ക്

കൊച്ചി: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ചാലക്കുടിയുടെ മുന്‍ എംപിയുമായ നടന്‍ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്.

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.

700 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 - ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച ഇന്നസെന്റ് പതിനെട്ട് വര്‍ഷത്തോളം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു

മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മഴവില്‍ക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയത്. ചലച്ചിത്ര നിര്‍മ്മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത് മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷനല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി.

പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകല്‍ക്കച്ചവടക്കാരന്‍, വോളിബോള്‍ കോച്ച്, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നിങ്ങനെ പല ജോലികള്‍. അതിനിടെ നാടകങ്ങളില്‍ അഭിനയിച്ചു. ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979 ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.

1972 ല്‍, എ.ബി.രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നൃത്തശാല'യാണ് ഇന്നസന്റിന്റെ ആദ്യ ചിത്രം. പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഇളക്കങ്ങള്‍, വിടപറയും മുമ്പേ, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ, ഓര്‍മയ്ക്കായി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. വിടപറയും മുമ്പേ, ഓര്‍മയ്ക്കായി എന്നിവ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി.

മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളില്‍ ഇന്നസന്റ് അഭിനയിച്ചിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങള്‍ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത് സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ്. അതോടെ മലയാളത്തിലെ മുന്‍നിര ഹാസ്യതാരമായി അദ്ദേഹം. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാലാ, മാന്നാര്‍ മത്തായി സ്പീക്കിങ്, മഴവില്‍ക്കാവടി, ചന്ദ്രലേഖ, പൊന്മുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, ദേവാസുരം, ഡോ.പശുപതി, പിന്‍ഗാമി, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി ചാലക്കുടിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേര്‍ക്കു പ്രചോദനമായിരുന്നു. ചിരിക്കു പിന്നില്‍ (ആത്മകഥ), മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Read more topics: # ഇന്നസെന്റ്
innocent no more

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES