അടുത്തിടെ നടന് മോഹന്‍ലാല്‍ വര്‍ക്കൗട്ട് വീഡിയോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. ആരോഗ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് വ്യക്തമാക്കി പങ്കുവയ്ക്കുന്ന വീഡിയോകള്‍ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മോഹന്‍ലാല്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഫിറ്റ്നെസില് മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്ന സമര്‍പ്പണം വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു.
ഫിറ്റ്നെസ്സ് വിദഗ്ധന്‍ ഡോ ജയ്സണാണ് മോഹന്‍ലാലിന്റെ പരിശീലകന്. ഫിറ്റ്നെസ്സ് ട്രെയിനര്‍ മോഹന്‍ലാലിന്റെ വര്‍ക്കൗട്ടുകളുടെ കാര്യങ്ങള്‍ വീഡിയോയിലൂടെ വിശദീകരിക്കുന്നുണ്ട്. ഫിറ്റ്നെസില് മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്ന സമര്‍പ്പണം വീഡിയോയിലൂടെ മനസ്സിലാകുന്നു എന്ന് ആരാധകര്‍ പലരും കമന്റുകളിടുന്നുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം 'വൃഷഭ'യാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്. സഹ്റ എസ് ഖാന് നായികയായുണ്ടാകും. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റോഷന് മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.