ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികള്‍ക്ക് ശ്വാസതടസമുണ്ടായതായി പരാതി. ഏലൂരിലായിരുന്നു സെറ്റ് തയ്യാറാക്കിയത്. സെറ്റ് പൊളിക്കാന്‍ കരാറെടുത്തവര്‍ നാട്ടുകാരുടെ വിലക്ക് വകവയ്ക്കാതെ, പ്ലാസ്റ്റിക്കും, ഫൈബറും അടക്കമുള്ളവ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
ഏഴ് മാലിന്യക്കൂനകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇത് വകവയ്ക്കാതെ ബാക്കിയുള്ളവയും കത്തിക്കുകയായിരുന്നു. സെന്റ് ആന്‍സ് സ്കൂളിനടുത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്കൂള്‍ ഇന്നലെ അവധിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് സമീപത്തെ മഠത്തിലുണ്ടായിരുന്നവര്‍ പുകമൂലം ബുദ്ധിമുട്ടി.
വിഷപ്പുക ഉയര്‍ന്നതോടെ കുട്ടികള്‍ അടക്കമുള്ള ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി, തീയണച്ചു. മാലിന്യം കത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
അതേസമയം, 'ഗുരുവായൂരമ്പല നടയില്‍' എന്ന പേര് പോലെ തന്നെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ നടക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. എന്നാല്‍ ഗുരുവായൂരില്‍ ഷൂട്ടിംഗിന് അനുവാദം ലഭിക്കാത്ത സാഹചര്യത്തില്‍ അതിന്റെ സെറ്റിട്ട് ചിത്രീകരണം നടത്തുകയായിരുന്നു. ഇതിനായി മാത്രം മൂന്ന് കോടിയോളം രൂപ ചെലവായി. വാടകയ്ക്കെടുത്ത ഭൂമിയിലായിരുന്നു സെറ്റ്. സിനിമ റിലീസ് ആയതിന് പിന്നാലെയാണ് സെറ്റ് പൊളിച്ചുകളയാന്‍ തീരുമാനിച്ചത്.