Latest News

ചലച്ചിത്ര നയം രൂപീകരിക്കാന്‍ സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ കമ്മിറ്റി; വിമര്‍ശനവുമായി ഡബ്ലിയുസിസി; എന്ത് മാനദണ്ഡത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ചോദ്യമുയര്‍ത്തി സംഘടനയുടെ പോസ്റ്റ്

Malayalilife
 ചലച്ചിത്ര നയം രൂപീകരിക്കാന്‍ സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ കമ്മിറ്റി; വിമര്‍ശനവുമായി ഡബ്ലിയുസിസി; എന്ത് മാനദണ്ഡത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ചോദ്യമുയര്‍ത്തി സംഘടനയുടെ പോസ്റ്റ്

സംസ്ഥനത്ത് ചലച്ചിത്ര നയം രൂപീകരിക്കാന്‍ നിയോഗിച്ച പുതിയ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് . പ്രമുഖ സംവിധായകന്‍ ഷാജി എ്ന്‍ കരുണിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിക്കെതിരെയാണ് വിമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ് രംഗത്തെത്തിയത്. സംഘടനയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ കമ്മിറ്റിയെക്കുറിച്ചുള്ള ആശങ്കകള്‍  wcc  അറിയിച്ചത്.നടനും എം എല്‍ എയുമായ മുകേഷ്,  നടിമാരായ  മഞ്ജുവാര്യര്‍, പത്മപ്രിയ  നിര്‍മാതവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലുള്ളത്


സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ എടുത്ത മുന്‍കൈയെ അഭിനന്ദിച്ച ഡബ്ലിയു. സി.സി അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതിയെ വിമര്‍ശിക്കുകയും ചെയ്തു.

ഇതില്‍ അംഗങ്ങളാണെന്നു പറയുന്ന മുഴുവന്‍ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്ന് അവര്‍ ചോദിക്കുന്നു.ചലച്ചിത്ര നയം രൂപീകരിക്കുന്നതില്‍ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു. അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലേത് പോലെ അതിന്റെ ശുപാര്‍ശകളും, അര്‍ത്ഥവത്തായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ലിയു. സി. സി ചോദിക്കുന്നു

ഡബ്ലിയു. സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാന്‍, ശ്രീ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായുള്ള സര്‍ക്കാര്‍ തല വിജ്ഞാപനം കാണുകയുണ്ടായി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ എടുത്ത മുന്‍കൈയെ ആദ്യമായി ഞങ്ങള്‍ അഭിനന്ദിക്കട്ടെ. എന്നാല്‍ അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതി ഞങ്ങളെ ഏറെ നിരാശരാക്കുന്നു. ഇത് സംബന്ധിച്ച് ഗൗരവമായ ചില ആശങ്കകള്‍ പങ്കുവെക്കാന്‍ WCC ആഗ്രഹിക്കുന്നു

ഒന്നാമതായി, ഇതില്‍ അംഗങ്ങളാണെന്നു പറയുന്ന മുഴുവന്‍ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

രണ്ടാമതായി, ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാന്‍ അംഗങ്ങള്‍ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ ഞങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതില്‍ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു.

അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലേത് പോലെ അതിന്റെ ശുപാര്‍ശകളും, അര്‍ത്ഥവത്തായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങള്‍, ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതു സംബന്ധിച്ചു ഞങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളൂ.

ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക്, ഞങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്ന, അതിനു തക്കതായ യോഗ്യതയുള്ള, താല്‍പര്യമുള്ള അംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് വഴി, പ്രശ്‌നങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ !

സിനിമാരംഗത്ത് എല്ലാവര്‍ക്കും തുല്യമായ ഇടം വളര്‍ത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതില്‍ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുല്യമായ തൊഴിലിടം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

 

film policy women in cinema collective FB POST

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES