ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മികച്ച ഹിറ്റുകളുമായി തിയേറ്ററുകള്‍ തിരിച്ചുവന്നതിന് പിന്നാലെയാണ് ഫിയോക് പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പ്രേമലു, അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം പോലുള്ള സിനിമകള്‍ മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
സിനിമ പ്രദര്‍ശനത്തിനെത്തി 40 ദിവസത്തിന് ശേഷം മാത്രമെ ഒടിടി റിലീസ് അനുവദിക്കാവൂ എന്നതാണ് കരാറില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇത് ലംഘിച്ച് നേരത്തെ തന്നെ ഒടിടിയില്‍ സിനിമയെത്തുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത പക്ഷം 22 മുതല്‍ മലയാളം സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.