പ്രശസ്ത സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുകയാണ് സിനിമാ ലോകം ഒന്നടങ്കം. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ കുറിപ്പുമായി സോഷ്യല്‍മീഡിയയില്‍ എത്തി.സിനിമയിലും ജീവിത്തതിലും സിദ്ദിഖ് ബിഗ്ബ്രദറെന്ന് മോഹന്‍ലാല്‍ കുറിച്ചപ്പോള്‍ വളരെ പ്രിയപ്പെട്ടവരുടെ തുടരേയുളള വേര്‍പാടുകളില്‍ വേദനയാണ് മമ്മൂക്കയുടെ കുറിപ്പില്‍ നിറയുന്നത്.
മോഹന്‍ലാലിന്റെ കുറിപ്പ് ഇങ്ങനെ
''എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങള്‍ കാത്തിരുന്നു.
സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാനചിത്രമായ ബിഗ്ബ്രദറില്‍ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ്ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികള്‍'', മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടി പങ്ക് വച്ചതിങ്ങനെ:
വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍. അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ. സ്വന്തം സിദ്ദിഖിന്, ആദരാഞ്ജലി'. മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
്ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി
ഒരുപാട് മികച്ച സിനിമകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും അതിലെ പല സംഭാഷണങ്ങളും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാറുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു. വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും താരം പ്രതികരിച്ചു.
നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് കുറിച്ചതിങ്ങനെ
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗം ഒരിക്കലും പ്രതീക്ഷിക്കാത്തതാണെന്ന് സൂചിപ്പിക്കുന്ന മുകേഷ് കൂടുതല്‍ പറയാന്‍ താന്‍ അശക്തനാണെന്ന് കുറിക്കുന്നു. മുകേഷ് എന്ന നടന് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ ഒരു നൂറ്റാണ്ടിന്റെ സിനിമകള്‍ സൃഷ്ടിച്ച രണ്ട് സംവിധായകരില്‍ ഒരാളാണ് വിടചൊല്ലിയതെന്ന് നടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍ക്കുന്നു.
നിങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച സന്തോഷത്തിന്റെ അനന്തമായ നിമിഷങ്ങള്‍ക്ക് നന്ദി എന്നാണ് ബേസില്‍ കുറിച്ചത്.
ചലച്ചിത്ര പ്രേമികള്‍ക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകന്‍ സിദ്ദിഖ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്‌മോ സംവിധാനത്തിന്റെ സപ്പോര്‍ട്ടില്‍ കഴിയവേയാണ് അന്ത്യം.