Latest News

ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; ദയവു ചെയ്ത് പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക; അടൂരിനെ വിമര്‍ശിച്ച്  കുറിപ്പുമായി അതിജീവതയുടെ സഹോദരന്‍ 

Malayalilife
ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടി; ദയവു ചെയ്ത് പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക; അടൂരിനെ വിമര്‍ശിച്ച്  കുറിപ്പുമായി അതിജീവതയുടെ സഹോദരന്‍ 

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍. ദിലീപ് നിരപരാധിയാണെന്ന അടൂരിന്റെ പരാമര്‍ശത്തിനെതിരെയാണ് അതിജീവിതയുടെ സഹോദരന്‍ രംഗത്തെത്തിയിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ച് നേരത്തെ അടൂര്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്. 

അടൂരിന്റെ പ്രതികരണം ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് അതിജീവിതയുടെ സഹോദരന്‍ കുറിച്ചു. 'കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം' എന്നും അടൂരുനെ വിമര്‍ശിച്ച് ഫെയ്ബുക്കില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

ബഹുമാനപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ അറിയുന്നതിന്.നടി ആക്രമിച്ച കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു. പിന്നെ ഇപ്പോള്‍ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവര്‍ ഇത്തര കുപ്രചരണം നടത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കില്‍ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ന്നുവരുന്നത് കൊണ്ടാണ്.

കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം. അങ്ങ് ആദ്യം പറഞ്ഞ കാര്യത്തിനോട് ഞാന്‍ ഒരുതരത്തിലും എതിരല്ല. വ്യക്തിപരമായ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ഓരോ വ്യക്തിക്കും ആരെ സ്വീകരിക്കണം ആരെ തള്ളിക്കളയണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഉണ്ട് താങ്കളെപ്പോലുള്ളവരുടെ അഭിപ്രായത്തിന് മലയാളികള്‍ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ തെറ്റായ ഒരു പ്രതികരണം നടത്തുന്നത് താങ്കള്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന പേരിനും പ്രശസ്തിക്കും വരെ മങ്ങല്‍ ഏല്‍പ്പിച്ചേക്കാം.

അങ്ങയുടെ വ്യക്തിത്വത്തിന് അത്തരമൊരു കളങ്കം ഏറ്റു കാണാന്‍ അങ്ങയുടെ ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ അങ്ങേക്ക് ഞാന്‍ പറയുന്നതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അങ്ങയോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുകയാണ് പ്രസ്തുത കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ അങ്ങ് പറയുന്നതില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അങ്ങേയ്ക്ക് തന്നെ ബോധ്യപ്പെടുന്നതാണ്. ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാന്‍ ശ്രമിക്കുക. എന്റെ ഈ മറുപടി കൊണ്ട് അങ്ങേക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെങ്കില്‍ ഞാനതിന് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. അങ്ങയ്ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.

criticised adoor gopalakrishnan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES