സംഗീത സംവിധായകന് ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണിയുടെ വിയോഗം തമിഴകത്ത് വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. സിനിമ മേഖലയിലെ നിരവധിയാളുകളാണ് ഭവതാരിണിയ്ക്ക് ആദരമര്‍പ്പിക്കുന്നത്. ഇപ്പോള്‍ ഭവതാരിണിക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വെങ്കട് പ്രഭു. ഇളയജരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ മകനാണ് വെങ്കട് പ്രഭു
'ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. യുവന് ശങ്കര്‍ രാജയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രവും വെങ്കട് പ്രഭു പങ്കുവച്ചു. ജനുവരി 25നായിരുന്നു ഭവതാരിണിയുടെ വിയോഗം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.
1976 ചെന്നൈയിലാണ് ജനനം. ബാല്യകാലത്ത് മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം നേടിയിരുന്നു. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ 'തിത്തിത്തേ താളം' എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്.
ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
മലയാളത്തില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍(കളിയൂഞ്ഞാല്), നാദസ്വരം കേട്ടോ (പൊന്മുടി പുഴയോരത്ത് ) എന്നീ ഗാനങ്ങള്‍ ആലപിച്ചു. ശോഭനയെ നായകയാക്കി രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഫില്‍ മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി. പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവന് ശങ്കര്‍രാജ, കാര്‍ത്തിക് രാജ എന്നിവര്‍ സഹോദരങ്ങളാണ് പരസ്യ എക്സിക്യൂട്ടീവായ ആര്. ശബരിരാജ് ആണ് ഭര്‍ത്താവ്.