ആഡംബര നൗകയ്ക്ക് തന്റെ പേര് നല്‍കിയതില്‍ പ്രതികരിച്ച് നടന് ആസിഫ് അലി. കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയെന്ന് താരം പറഞ്ഞു. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം.
'ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനവും തോന്നി. അതിന്റെ താഴെ 'എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ' എന്നൊരു കമന്റും കണ്ടു. എല്ലാം ഇതിന്റെ ഭാഗമാണ്. പേരിടാന്‍ തോന്നിയതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്'-ആസിഫലി പറഞ്ഞു.
ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 എന്ന ആഡംബര നൗകയുടെ പേരാണ് മാറ്റിയത്. സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്തതിന്റെ ആദരവായിയായിരുന്നു പേരുമാറ്റല്‍. നൗകയില്‍ 'ആസിഫ് അലി' എന്ന പേര് പതിപ്പിച്ചു. നൗകയുടെ രജിസ്ട്രേഷനിലും ആസിഫ് അലി എന്ന പേര് നല്‍കും. സംരംഭകര്‍ പത്തനംതിട്ട സ്വദേശികളായതിനാല്‍ ജില്ലയുടെ വാഹന രജിസ്ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്ക് ഡി3 എന്ന പേര് നല്‍കിയിരിക്കുന്നത്.
പല തലങ്ങളില്‍ ഏറെ വഷളാകേണ്ടിയിരുന്ന വിവാദം പക്വതയോടെ കൈകാര്യം ചെയ്ത നടന് എല്ലാവര്ക്കും മാതൃകയാണെന്നായിരുന്നു ഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിവാദങ്ങളെ ചെറുചിരിയോടെ നേരിട്ട ആസിഫ് അലി നിര്‍ണായക ഘട്ടങ്ങളില്‍ മനുഷ്യന് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു.