തിലകനെ ദ്രോഹിക്കാന്‍ മുന്നില്‍ നിന്നത് ദിലീപ്; കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി; മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാന്‍ വിലക്ക് കല്പിച്ചവര്‍ തന്നെ ക്ഷണിച്ചു; പവര്‍ ഗ്രൂപ്പ് ' ശരി വച്ച് തിലകന്റെ സുഹൃത്ത് കൂടിയായ അമ്പലപ്പുഴ രാധാകൃഷ്ണന്‍

Malayalilife
 തിലകനെ ദ്രോഹിക്കാന്‍ മുന്നില്‍ നിന്നത് ദിലീപ്; കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി; മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാന്‍ വിലക്ക് കല്പിച്ചവര്‍ തന്നെ ക്ഷണിച്ചു; പവര്‍ ഗ്രൂപ്പ് ' ശരി വച്ച് തിലകന്റെ സുഹൃത്ത് കൂടിയായ അമ്പലപ്പുഴ രാധാകൃഷ്ണന്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന പേരാണ് നടന്‍ തിലകന്റെത്. തിലകന്‍ അന്നു ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളെയും ശരിവെക്കുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പിനെ കുറിച്ചാണ്.ഇവരാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും ഈ സംഘത്തെ ഭയന്നാണ് പലരും സിനിമയിലെ ചൂഷണം പുറത്തുപറയാത്തതെന്നുമായിരുന്നു കമ്മീഷന്റെ ഒരു കണ്ടെത്തല്‍. ഈ പവര്‍ ഗ്രൂപ്പ് പല നടീനടന്മാരെയും നിസ്സാര കാരണങ്ങളുടെ പേരില്‍ അനധികൃത വിലക്ക് ഏര്‍പ്പെടുത്താറുണ്ടെന്നും ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്.

'പവര്‍ ഗ്രൂപ്പ്' ആരോപണങ്ങള്‍ ശരിയാണെന്ന് തിലകന്റെ സുഹൃത്തും നാടകപ്രവര്‍ത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സിനിമയില്‍നിന്നു വിലക്ക് വന്നതോടെ തിലകന് വേണ്ടി നാടകസമിതിയുണ്ടാക്കിയ വ്യക്തിയാണ് അമ്പലപ്പുഴ രാധാകൃഷ്ണന്‍. തിലകനെ ദ്രോഹിക്കാന്‍ മുന്നില്‍ നിന്നത് ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളും തിലകന് എതിരായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

തിലകനെതിരെ സിനിമയിലെ മാഫിയ സംഘം നിലനിന്നിരുന്നു. വലിയ മാനസിക പീഡനമാണ് ആ മഹാനടന്‍ അനുഭവിച്ചത്. അവസാനകാലത്ത് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നു ഹേമ കമ്മിറ്റി അടിവരയിടുന്നു. അന്തസ്സുള്ളവരാണെങ്കില്‍ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. കേരള സമൂഹത്തോട് മാപ്പ് പറയണം. തിലകന്‍ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടന്‍ എന്നായിരുന്നു തിലകന്‍ പറയുക. കൂളിംഗ് ഗ്ലാസ് സിനിമയില്‍ ഉപയോഗിക്കുന്ന നടന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാന്‍ വിലക്ക് കല്പിച്ചവര്‍ തന്നെ ക്ഷണിച്ചു. 

ഉസ്താദ് ഹോട്ടല്‍ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു. മലയാള സിനിമയില്‍ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരല്‍ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാള്‍ അഴിഎണ്ണും എന്ന് തിലകന്‍ അന്നേ പറഞ്ഞു. അയാള്‍ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാന്‍ സാധിച്ചില്ലെന്ന് മാത്രം.-അമ്പലപ്പുഴ രാധാകൃഷ്ണന്‍ പറഞ്ഞു.

മോഹന്‍ലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹന്‍ലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാല്‍ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് വിനയന്റെ സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു. പതിനഞ്ചു പേര്‍ ചെറിയ ആളുകള്‍ അല്ല.

'തിലകനെ വിലക്കിയിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നത് അസത്യമാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ തിലകനെ കാണാന്‍ വരികയുണ്ടായി. തിലകനെ വച്ച് ഒരു സീരിയല്‍ ചെയ്യുന്നത് ഒരു വലിയ സ്വപ്നമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അനിയന്‍ എല്ലാം ആലോചിച്ചാണ് വന്നത്? അതിന്റെ (സീരിയല്‍ സംഘടനയുടെ) പ്രസിഡന്റ് ആരാണെന്ന് അറിയാമല്ലോ. ആ വ്യക്തിയുള്ള കാലത്തോളം നടക്കില്ല'- എന്നാണ് തിലകന്‍ പറഞ്ഞത്. ഇല്ല സാര്‍, ഞാന്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞാണ് അയാള്‍ പോയത്. തിലകന്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സ് ചോദിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ആ വ്യക്തി ഇറങ്ങിപ്പോകുമ്പോഴേ തിലകന്‍ പറഞ്ഞു. ഇനി അയാള്‍ വരില്ലെന്ന്. പറഞ്ഞത് പോലെയായി. പിന്നീട് അയാള്‍ വന്നേതേയില്ല.

'സിനിമയില്‍ ഒരു സംഘമുണ്ട്. മാഫിയ എന്ന് തിലകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ചര്‍ച്ചയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയിരുന്നു. മാഫിയ എന്ന് പറഞ്ഞത് പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. താനത് പിന്‍വലിക്കില്ലെന്ന് തിലകന്‍ ഉറച്ചു നിന്നു.

'നാടകത്തിലേക്ക് തിരികെ വന്നപ്പോള്‍ തന്റെ തട്ടകത്തില്‍ നിന്ന് വിലക്കാന്‍ ആരും വരില്ലെന്നാണ് തിലകന്‍ പറഞ്ഞത്. എനിക്ക് ഭയങ്കര ലാഭം കിട്ടിയ നാടകമാണിത്. നൂറ്റിനാലോളം സ്റ്റേജ് ചെയ്തപ്പോള്‍ 15 ലക്ഷം രൂപയുടെ ചെക്കാണ് ഞാന്‍ എഴുതി കൊടുത്തത്. പ്രേക്ഷകരായിരുന്നു തിലകന്റെ ശക്തി. അദ്ദേഹത്തെ കാണുമ്പോഴേ അവര്‍ ആവേശത്തിലാകും. നാടകത്തില്‍ വീണ്ടും സജീവമായപ്പോള്‍ സിനിമയിലേക്ക് ഇനിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തട്ടകത്തില്‍ കിടന്ന് മരിക്കണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയിലേക്ക് വിളിക്കുന്നത്. 95-ാമത്തെ നാടകത്തില്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അത്. നാടകത്തിന് വേണ്ടി നിങ്ങള്‍ ഒരുപാട് കാശ് മുടക്കിയല്ലേ, ഇപ്പോള്‍ താന്‍ സിനിമയിലേക്ക് പോയാല്‍ ശരിയാകുമോ എന്ന ആശയ കുഴപ്പം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ചേട്ടന്‍ പോകണം, നാടകത്തിന് വേണ്ടിയല്ല ഇപ്പോള്‍ നമ്മള്‍ നാടകം ചെയ്യുന്നത്. സിനിമയിലെ വരേണ്യവര്‍ഗ്ഗത്തിനെതിരേയുള്ള പോരാട്ടമായിരുന്നു. അതില്‍ ജയിച്ചിരിക്കുന്നൂ എന്ന്.

ഭയങ്കര അവഗണനയാണ് ആ മനുഷ്യന്‍ അനുഭവിച്ചത്. അദ്ദേഹത്തിന്റെ മക്കളായി അഭിനയിച്ചവരാണ് സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തിയത്. പക്ഷേ തിലകന്‍ ആര്‍ക്ക് മുന്നിലും വഴങ്ങിയില്ല. അദ്ദേഹം ഏറ്റവും പ്രധാന്യം നല്‍കിയത് പ്രേക്ഷകര്‍ക്കാണ്. ഞാനൊരു നടനാണ്, ആരുടെയും മുന്നില്‍ കൈകൂപ്പി നില്‍ക്കില്ല, അതാണ് ഇവര്‍ക്ക് എന്നോടുള്ള ദേഷ്യം എന്ന് പറയാറുണ്ട്. ഏറ്റവും കൂടുതല്‍ അദ്ദേഹത്തെ ദ്രോഹിക്കാന്‍ മുന്നില്‍ നിന്നത് ദിലീപാണെന്ന് അദ്ദേഹം അവസാനകാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്തു പറ്റി? മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നഷ്ടമായി. അദ്ദേഹത്തിന് ആരോടും ഒരു പിണക്കവുമുണ്ടായിരുന്നില്ല- അമ്പലപ്പുഴ രാധാകൃഷ്ണന്‍ പറഞ്ഞു.

Read more topics: # തിലകന്‍
ambalapuzha radhakrishnan about thilakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES