ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന 'ഗെയിമർ' എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖിൽ വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ. അവതരണത്തിലും ആശയത്തിലും പുതുമകൾ നിറഞ്ഞ 'ഗെയിമർ' പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കിയിരിക്കുന്നു.
പതിവു ശൈലികളിൽ നിന്ന് വേറിട്ട്, കോൺഫ്‌ലിക്ട് എന്ന ആശയത്തെ മുൻനിർത്തിയാണ് ഗെയിമർ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ലൈറ്റിങ്ങിലും എഡിറ്റിങ്ങിലും പുതിയ പരീക്ഷണങ്ങൾ നടത്തിയെന്നതും ഗെയിമറിന്റെ സവിശേഷതയാണ്. 'പഠനത്തിന്റെ ഭാഗമായാണ് 'ഗെയിമർ' നിർമ്മിച്ചത്. ഡോക്ക്യുമെന്ററിയുടെ ഭാഷയിൽ പുതുമയുണ്ടാകണമെന്ന നിർബന്ധബുദ്ധിയിൽ നിന്നുമാണ് എഡിറ്റിങ്ങിലും വിഷയത്തിന്റെ അവതരണത്തിലും പരീക്ഷണം നടത്താനുള്ള ആർജ്ജവമുണ്ടായത്. എഡിറ്റിങ്ങ് നിർണായകമായതിനാൽ, പിജി കാലത്ത് സീനിയറായിരുന്ന അമൽദേവിനെ തന്നെ ദൗത്യം ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹം അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.' ഗെയിമറിന്റെ സംവിധായകനായ അഖിൽ വിജയൻ പറഞ്ഞു. വിഷ്ണു ആറുമായി ചേർന്ന് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവച്ചിരിക്കുന്നത് അദ്ദേഹമാണ്. ഐഡിഎസ്എഫ്എഫ്‌കെ പോലൊരു വേദിയിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അവസരം ലഭിച്ചതിലെ സന്തോഷവും അദ്ദഹം പങ്കുവെച്ചു.
പൂർണ്ണമായും ചിട്ടപ്പെടുത്തിയ ഒരു തിരക്കഥയോ, പതിവ് ഡോക്ക്യൂമെന്ററി ശൈലിയിലുള്ള ആഖ്യാതാവിന്റെയോ ഇടപെടലില്ലാതെ, കഥാപാത്രങ്ങൾ തന്നെ പരസ്പരം ഗെയിമിങ്ങിന്റെ വിവിധ തലങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന രീതിയിലാണ് ഗെയിമർ ഒരുക്കിയിരിക്കുന്നത്. ലൈറ്റിങ്ങിന്റെയും എഡിറ്റിങ്ങിന്റെയും സഹായത്തോടെ, ഫിക്ഷൻ കൂടി ഉൾപ്പെടുത്തി, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഡോക്ക്യുമെന്ററിയുടെ ആഖ്യാനം. തിരക്കഥ സംയോജനം: സലിൻ രാജ് പി ആർ, ആശയം: കിരൺ എസ് കുറുപ്പ്, സബ് ടൈറ്റിൽസ്: പാർവ്വതി എസ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്: രാകേന്ദു എസ് ആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇരുപ്പത്തിനാലു കാരനായ അഖിൽ വിജയന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഗെയിമർ. ദി ഡെയ്, ദി ഡിസ്റ്റൻസ് എന്നീ ഹൃസ്വ ചിത്രങ്ങളാണ് അഖിൽ നേരത്തെ സംവിധാനം ചെയ്തിട്ടുള്ളത്. ലോക്ക്ഡൗൺ കാലത്ത് തിരക്കഥയെഴുതി ചിത്രീകരിച്ച, ഡി ഡെയ് എന്ന ചിത്രത്തിന് ട്രാവൻകോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോക്കഡൗൺ ചിത്രത്തിനുള്ള പുരസ്‌കാരവും, ധാക്ക രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. കൂടാതെ അഖിലിന്റെ ആദ്യ ചിത്രമായ ദി ഡിസ്റ്റൻസിന്്, പബ്ലിക്ക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ ദേശീയ ചലച്ചിത്ര മത്സരത്തിൽ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഇരു ചിത്രങ്ങളും പൂർണ്ണമായും സ്മാർട്ട് ഫോണിലാണ് നിർമ്മിച്ചത്.