മഞ്ഞുമ്മല്‍ ബോയ്സിനെതിരെ വിവാദപരാമര്‍ശവുമായി തമിഴ് നടി മേഘ്ന രംഗത്ത്. ചിത്രം കേരളത്തില്‍ വെറും ആവറേജ് അഭിപ്രായം മാത്രമാണ് ലഭിക്കുന്നതെന്നും, തമിഴ്നാട്ടുകാര്‍ എന്തിനാണ് ഈ സിനിമക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും നടി ചോദിച്ചു. കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്ന മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ച് നടത്തിയ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രം, തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് നേടുന്നത്. നടിയുടെ വിചിത്ര പരാമര്‍ശം പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് തമിഴ്- മലയാളി പ്രേക്ഷകരില്‍ നിന്നുണ്ടാകുന്നത്. താനും മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് മേഘ്നയുടെ അഭിപ്രായ പ്രകടനം ആരംഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരുപോലും കൃത്യമായി പറയാന്‍ നടിക്ക് സാധിക്കുന്നില്ല. ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളും നടിക്കെതിരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഞാനും ഒരു മലയാളിയാണ്. നിങ്ങള്‍ പറയുന്ന ആ ചെറിയ പടം, മഞ്ചുമ്മല്ലി ബോയ്സ്, തുറന്നു പറയുകയാണെങ്കില്‍, കേരളത്തില്‍ പോലും ആ സിനിമയ്ക്ക് ആവറേജ് അഭിപ്രായമാണ് ഉള്ളത്. ആ സിനിമ എന്തിനാണ് ഇവിടെ ഇത്രവലിയ രീതിയില്‍ ആഘോഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലപ്പോള്‍ വ്യത്യസ്തത കൊണ്ടാകാം. ഞാനും ആ സിനിമ കണ്ടതാണ്. എനിക്ക് അങ്ങനെ വലിയ സംഭവമായി തോന്നിയിട്ടില്ല. ഇവിടെ വരുന്ന ചെറിയ സിനിമകളെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമാണ്, ഇവിടെയും ചെറിയ സിനിമകള്‍ ചെയ്യാന്‍ ആളുകള്‍ക്ക് ധൈര്യമുണ്ടാകൂ. എന്തെങ്കിലും ഒരു കണ്ടന്റ് എടുത്താല്‍ എല്ലാവരും അത് പിന്തുടരും. 'മഞ്ചുമല്ലി ബോയ്സ്' പോലും അങ്ങനെയാണ്. എല്ലാവരും വെറുതേ ഹൈപ്പ് ചെയ്യും. അത്രയ്ക്കൊക്കെ ആഘോഷമാക്കാന്‍ അതില്‍ എന്താണുള്ളതെന്ന് എനിക്ക് മനസിലായില്ല.
നിങ്ങള്‍ ഇവിടെ മലയാളം സിനിമകള്‍ അഘോഷിക്കുന്നത് പോലെ അവിടെ ആരും തമിഴ് സിനിമകള്‍ അഘോഷിക്കാറില്ല. ഞാന്‍ പോലും ഒരു തമിഴ് സിനിമ കാണണമെങ്കില്‍ കോയമ്പത്തൂരില്‍ പോയാണ് കാണുന്നത് അവര്‍ ആരും തമിഴ് സിനിമകളെ പിന്തുണയ്ക്കാറില്ല,' മേഘ്ന പറഞ്ഞു.