മഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷിനെ കണ്ടവരാരും മറക്കില്ല. ചെറിയ ഒരു സീനിലെ വിജിഷേലിന്റെ കോമഡി പോലും അത്രയ്ക്കാണ് മലയാളികളുടെ മനസില്‍ പതിഞ്ഞത്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ ശേഷം നിരവധി അവസരങ്ങളാണ് കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപമുള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിലെ വിജിലേഷിനെ തേടിയെത്തിയത്. വ്യത്യസ്ത കഥാപാത്രവും കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ് താരം ഇപ്പോള്‍. മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടെ വിദ്യാര്‍ത്ഥിയായും വരത്തനിലെ വില്ലന്‍ കഥാപാത്രമായുമെല്ലാം പ്രേക്ഷകരുടെ കയ്യടി നേടി ശ്രദ്ധ കേന്ദ്രമായ താരമാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരത്തിലെ എന്താല്ലേ എന്ന വിജിലേഷിന്റെ ഡയലോഗ് തീയേറ്ററുകളില്‍ ചിരിയുടെ പൂരമായിരുന്നു ഒരുക്കിയത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് തനിക്ക് ഒരു ജീവിത പങ്കാളിയെ വേണമെന്ന് കുറിച്ചുകൊണ്ട് വിജിലേഷ് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കയാണ്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു.
മുന്‍പൊരിക്കല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. എന്നാല്‍ സ്വാതിയുടെ ആലോചന വന്നത് മാട്രിമോണിയല്‍ വഴിയാണ്. കലയോട് താത്പര്യമുളള ആളാണ് സ്വാതിയും. വിജിലേഷിന്റെ ചേട്ടന്‍ വിവാഹിതനല്ല. ഇപ്പോള്‍ ചേട്ടന് കൂടി ഒരു വധുവിനെ കണ്ടെത്താമനുളള കാത്തിരിപ്പിലാണ് വിജിലേഷ്. ഒത്തുവന്നാല്‍ രണ്ടു വിവാഹവും ഒന്നിച്ച നടത്തും. ബിഎഡ് കഴിഞ്ഞ് ഓണ്‍ലൈനായി ഒരു ലേണിങ് ആപ്പില്‍ ക്ലാസെടുക്കുകയാണ് സ്വാതി.
കുറെ പെണ്ണാലോചിച്ചെങ്കിലും സിനിമാ നടനായതിനാല്‍ ഒന്നും സെറ്റാകുന്നില്ലായിരുന്നു. നടനായത് കൊണ്ട് തന്നെ സ്ഥിരമായ വരുമാനമില്ലെന്നതാണ് പലരും കാരണമായി ചൂണ്ടിക്കാട്ടുന്നത്. സിനിമാക്കാരനായതിനാല്‍ തന്നെ കള്ളുകുടിയും കഞ്ചാവു വലിയും ഒക്കെ ഉണ്ടാവുമെന്നും പലരും കണക്കുക്കൂട്ടുന്നതും ആലോചനകള്‍ക്ക് തടയാകുന്നു. ഫേസ്ബുക്ക് വഴിയാകുമ്പോള്‍ സിനിമാക്കാരനാണെന്ന് അറിഞ്ഞ തന്നെ ആലോചനകള്‍ വരുമെന്നും വിജിലേഷ് പറഞ്ഞിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ചോര്‍ന്നൊലിക്കുന്ന ഓടിട്ട വീട്ടില്‍ നിന്നും രണ്ടുനില വീട് പണിത വിജിലേഷ് ഉന്നതവിദ്യാഭ്യാസവും നേടിയിട്ടുണ്ട്. അച്ഛനും ചേട്ടനും കൂലിപ്പണിക്കാരും അമ്മ അംഗന്‍വാടി ജോലിക്കാരിയുമാണ്. വരത്തന്‍, തീവണ്ടി എന്നീ ചിത്രങ്ങളില്‍ വില്ലനായി. ഗപ്പി, കലി, അലമാര, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി നിരവധി ചിത്രങ്ങള്‍ വിജിലേഷ് ചെയ്തു.