ഒരു കാലത്ത് മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായിരുന്നു റഹ്മാന്. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന് മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവച്ചും താരം എത്തിയിരുന്നു. ഇപ്പോള്‍ ഭാര്യ മെഹറുനിസയുമായുള്ള വിവാഹത്തിന്റെ കഥ പങ്കുവച്ചിരിക്കയാണ് താരം,
മലപ്പുറം സ്വദേശിയായ റഹ്മാന് കുടുംബസമേതം ഇപ്പോള്‍ തമിഴ്നാട്ടിലാണ് താമസിക്കുന്നത്. സംഗീതഞ്ജന്‍ എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് നടന്റെ പത്നി. അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. 90കള്‍ക്ക് മുമ്പ് ഒരു വര്‍ഷത്തില്‍ 10 സിനിമകളില്‍ വരെ അഭിനയിച്ചിരുന്ന റഹ്മാനെ പിന്നീട് മലയാള സിനിമയില്‍ അധികം കണ്ടില്ല. എങ്കിലും ഇടയ്ക്കെത്തി ചില ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞത്.
സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രെക്ക് ആപും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാന്‍ അതിനെല്ലാം നോ പറഞ്ഞു. ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോള്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു. കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോന് കേട്ടു.
സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പാരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു അവര്‍, കച്ചില്‍ ആണ് കുടുംബം, സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഒടുവില്‍ സമ്മതിച്ചു. ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുന്‍പ് ഞാന്‍ സിനിമയില്ലാതെ നില്‍ക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് വയ്യാതെ പൂര്‍ണമായും ഞാന്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോള്‍ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാന്‍ വിഷമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
എന്റെ ആദ്യ പ്രണയിനി ആരാണെന്ന് ചോദിച്ചാല്‍ തനിക്ക് ഒരു ഉത്തരമേയുള്ളൂവെന്നും അത് തന്റെ ഭാര്യ മെഹറുന്നീസയാണെന്നും റഹ്മാന് മുമ്പും പറഞ്ഞിട്ടുണ്ട്.. അവളെ കണ്ടതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്നും കുടുംബം ഒപ്പമില്ലാതെ യാത്ര ചെയ്യുമ്പോള്‍ തനിക്കെന്തോ ഒരു ഭയമാണെന്നും ആകെ ഒറ്റപ്പെട്ടപോലെ തോന്നുമെന്നും അവരാണ് തന്റെ ശക്തിയെന്നും റഹ്മാന് വ്യക്തമാക്കുന്നു