രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'ദ ഗേള്‍ഫ്രണ്ട് ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയാണ് ടീസര്‍ റിലീസ് ചെയ്തത്. പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ അവതരണത്തില്‍ ഗീത ആര്‍ട്‌സ്, മാസ് മൂവി മേക്കേഴ്‌സ്, ധീരജ് മൊഗിലിനേനി എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറുകളില്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്..
ഒരു ഫീല്‍ ഗുഡ് ഡ്രാമ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചി ലാ സൗ, മന്‍മധുഡു 2 എന്നെ സിനിമകള്‍ക്ക് ശേഷം രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഗേള്‍ഫ്രണ്ട്'.രശ്മികയുടെ കഥാപാത്രം ഒരു കോളേജ് ഹോസ്റ്റലില്‍ പ്രവേശിക്കുന്ന രംഗത്തോടെയാണ് ദ ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ ആരംഭിക്കുന്നത്. നായകനായ ദീക്ഷിത് ഷെട്ടിയുടെയും രശ്മികയുടെയും കഥാപാത്രങ്ങളെ ടീസര്‍ പരിചയപ്പെടുത്തുകയും അവര്‍ തമ്മിലുള്ള മനോഹരമായ ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു.
നടന്‍ വിജയ് ദേവരകൊണ്ടയാണ് ടീസറില്‍ രശ്മികയുടെ കഥാപാത്രത്തെ വോയ്‌സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോളേജ് കാലഘട്ടവും പ്രണയവും കൂടിക്കലര്‍ന്ന ഒരു കഥാപശ്ചാത്തലമാകും സിനിമയുടേതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും.
ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത്. അതേസമയം 'ഹായ് നാനാ', 'ഖുഷി' എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്ണന്‍ വസന്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഹിഷാം അബ്ദുള്‍ വഹാബ് ആണ് നിര്‍വഹിക്കുന്നത്.
'ദ ഗേള്‍ഫ്രണ്ടി'ന്റെ ടീസറിലെ ഓരോ ദൃശ്യവും ആകര്‍ഷകമാണ് എന്നും ഈ സിനിമ കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ടീസര്‍ പങ്ക് വെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു. 8 വര്‍ഷം മുമ്പ് സെറ്റില്‍ വച്ചാണ് താന്‍ രശ്മികയെ കണ്ടുമുട്ടിയത് എന്നും നിരവധി വലിയ വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവള്‍ എന്നത്തേയും പോലെ താഴ്മയോടെ തുടരുന്നു എന്നും, ഒരു നടിയെന്ന നിലയില്‍ ദ ഗേള്‍ഫ്രണ്ട് അവള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്, അവള്‍ ആ ഉത്തരവാദിത്തം വിജയകരമായി ഏറ്റെടുക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും വിജയ് ദേവരകൊണ്ട പ്രതീക്ഷപ്രകടിപ്പിച്ചു. എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്ന മനോഹരമായ ഒരു കഥ സംവിധായകന്‍ രാഹുല്‍ ഈ ചിത്രത്തിലൂടെ പറയുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ചിത്രത്തിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..