വിഖ്യാത നടന്‍ ശിവാജി ഗണേശന്റെ സ്വത്തിനെച്ചൊല്ലി തര്‍ക്കം. സ്വത്ത് വിഭജനത്തില്‍ ക്രമക്കേട് ആരോപിച്ച് അദ്ദേഹത്തിന്റെ പെണ്‍മക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജന്‍ എന്നിവര്‍ സഹോദരനും നടനുമായ പ്രഭു, നിര്‍മ്മാതാവ് രാംകുമാര്‍ ഗണേശന്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു.
സ്വത്ത് ഭാഗം വച്ചതില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ശിവാജിയുടെ പെണ്‍മക്കള്‍ ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്.അച്ഛന്റെ പേരിലുള്ള സ്വത്ത് മുഴുവന്‍ സഹോദരങ്ങള്‍ കൈക്കലാക്കിയെന്നാണ് പരാതി.ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 2005-ലെ ഭേദഗതി പ്രകാരം പിതാവ് ശിവാജി ഗണേശന്റെ സ്വത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അവ കൃത്യമായി വിഭജിക്കാന്‍ ഉത്തരവിടണമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
തങ്ങളറിയാതെയാണ് പിതാവ് വസ്തു വിറ്റതെന്നും വില്‍പ്പന രേഖകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരം പവന്‍ സ്വര്‍ണാഭരണങ്ങളും 500 കിലോ വെള്ളിയും പ്രഭുവും രാംകുമാറും കൈക്കലാക്കിയിട്ടുണ്ടെന്നും ശാന്തി തിയേറ്ററിലെ 82 കോടി രൂപയുടെ ഓഹരികള്‍ പ്രഭുവും രാംകുമാറും തങ്ങളുടെ പേരിലേക്ക് മാറ്റിയതായും സഹോദരിമാര്‍ ആരോപിച്ചു. നടന്‍ ശിവാജി ഗണേശന്‍ എഴുതിയെന്ന് പറയപ്പെടുന്ന വില്‍പത്രം വ്യാജമാണെന്നും പബ്ലിക് പവര്‍ ഓഫ് അറ്റോണിയില്‍ ഒപ്പിട്ട് തങ്ങളെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
നാല് മക്കളാണ് ശിവാജി ഗണേഷന്. അദ്ദേഹത്തിന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കി നടത്തുന്നത് പ്രഭുവും മൂത്തമകന്‍ രാം കുമാറുമാണ്. എന്നാല്‍, അച്ഛന്റെ മരണശേഷം എസ്റ്റേറ്റും മറ്റു സ്വത്തുക്കളും സഹോദരന്മാര്‍ നോക്കി നടത്തുന്നതില്‍ ശാന്തിക്കും രാജ്വിക്കും തുടക്കത്തില്‍ ഒരു പ്രശ്നവുമില്ലായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് തങ്ങളുടെ അനുവാദമില്ലാതെ ചില വസ്തുവകകള്‍ ഇരുവരും വിറ്റതായി വിവരം ലഭിച്ചതോടെയാണ് അവര്‍ കോടതിയെ സമീപിപ്പിച്ചത്.
82 കോടി രൂപ വിലമതിക്കുന്ന ശാന്തി തീയേറ്റേഴ്സ് അടുത്തിടെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയതായും സഹോദരിമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആകെ 270 കോടി രൂപയുടെ സ്വത്ത് ഗണേശന്റെ പേരിലുള്ളതായാണ് കണക്കാക്കുന്നത്.
1952 മെയ് ഒന്നിനാണ് ശിവാജി ഗണേശന്‍ കമലയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നാലു മക്കളുണ്ട്. മകന്‍ പ്രഭു നടനാണ്. മൂത്തമകന്‍ രാംകുമാറും നിര്‍മ്മാതാവാണ്. 1928 ഒക്ടോബര്‍ 1 ന് ഗണേശമൂര്‍ത്തി എന്ന പേരില്‍ ജനിച്ച നാടക കലാകാരനും നടനുമായ ശിവാജി ഗണേശന്‍ 2001 ജൂലൈ 21 ന് അന്തരിച്ചു. 1945-ല്‍ 'ശിവാജി കാണ്ഡ ഹിന്ദു രാജ്യം' എന്ന നാടകത്തില്‍ മറാത്ത ഭരണാധികാരിയായ ശിവാജിയായി അഭിനയിച്ചതിന് ശേഷം അദ്ദേഹത്തിന് 'ശിവാജി ഗണേശന്‍' എന്ന പേര് ലഭിച്ചത്.
പരാശക്തി (1952) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗണേശന്‍, കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിലായി 300-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം തമിഴ് സിനിമാ മേഖലയില്‍ വാണു. കര്‍ണന്‍, വിയറ്റ്നാം വീട് സുന്ദരം, പാസ മലര്‍, പടയപ്പ, കമല്‍ഹാസന്‍ അഭിനയിച്ച തേവര്‍ മകന്‍ എന്നിവ അദ്ദേഹത്തിന്റെ മികച്ച സിനിമകളില്‍ ചിലതാണ്.