ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് ഷംന കാസിം. മികച്ച അഭിനേത്രിയെന്ന് പേരെടുക്കാനായെങ്കിലും പലപ്പോഴും സഹനടി റോളില്‍ ഒതുങ്ങാനായിരുന്നു ഷംനയുടെ വിധി. പലപ്പോഴും പല വേദികളിലും അഭിമുഖങ്ങളിലൂടെയും തനിക്ക് മലയാളത്തില്‍ ലഭിക്കാത്ത അവസരങ്ങളെക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്.ഇപ്പോഴിതാ തന്റെ മലയാള സിനിമാ കരിയറിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഷംന. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറുന്നു പറച്ചില്‍.
''മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ടെന്നും നമ്മുടെ ചില സിനിമകള്‍ കാണുമ്പോള്‍ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്. ഇതെല്ലായ്പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണെന്നും നടി പറഞ്ഞു.
ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമാണ്,'' ഷംന പറഞ്ഞു.
നടന്‍ ജോജു ജോര്‍ജ് നായകനായെത്തി മലയാളത്തില്‍ വന്‍ ഹിറ്റായ ജോസഫിന്റെ തമിഴ് പതിപ്പാണ് ഷംനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ജോസഫ് സംവിധാനം ചെയ്ത എം പദ്മകുമാര്‍ തന്നെയാണ് തമിഴ് പതിപ്പും ഒരുക്കുന്നത്.