മലയാള സിനിമ സീരിയൽ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരമാണ് സീമ ജി നായർ. നിരവധി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ തന്റേടിയായ കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും തന്റേടമൊന്നും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സീമ ജി നായർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
തന്റേടിയാണെന്ന് മറ്റുളളവർക്ക് തോന്നുമെങ്കിലും ഞാൻ അങ്ങനെയൊരു ആളല്ല. എന്റെ തന്റേടമില്ലായ്മയാണ് ജീവിത്തിൽ പല പ്രശ്നങ്ങൾക്കും കാരണമായതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.കുറച്ച് തന്റേടവും തണ്ടുമൊക്കെ ഉണ്ടായിരുന്ന പെണ്ണായിരുന്നു എങ്കില്‍ ഒരു കാരണവശാലും എന്റെ ജീവിതത്തില്‍ പരാജയം സംഭവിക്കില്ലായിരുന്നു. ഒരുപക്ഷേ അങ്ങനെയൊരു ഘട്ടമെത്തുമ്പോള്‍ എനിക്കത് അവിടെ വെച്ച് തന്നെ ഒടിക്കാന്‍ കഴിഞ്ഞേനെ. പലപ്പോഴും അങ്ങനെയൊരു ഘട്ടത്തിൽ ചെറിയ പെൺകുട്ടികൾ വരെ തന്റേടത്തോടെ പെരുമാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അങ്ങനെ പ്രതികരിക്കാനൊന്നും എനിക്ക് പറ്റിയിട്ടില്ല .
എന്നെ അറിയാവുന്നവരൊക്കെ പറയാറുണ്ട് നിങ്ങളൊരു പൊട്ടി പെണ്ണാണെന്ന്. അതുകേൾക്കുമ്പോൾ അൽപം തന്റേടമൊക്കെ കാണിക്കാമെന്ന് വയ്ക്കും. അപ്പോൾ മറ്റ് ചിലർ പറയും , ഇനിയിപ്പോ ഈ പ്രായത്തില്‍ നിങ്ങള് വലിയ തന്റേടിയായിട്ടൊന്നും കാര്യമില്ല, നന്നാവാന്‍ പോണില്ല എന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തും.അതോടെ രണ്ടുദിവസം കഴിയുമ്പോള്‍ തന്റേടിയായ ഞാന്‍ പഴയതുപോലെയായിട്ടുണ്ടാവും. ഇങ്ങനെയുള്ളവരെയാണ് എല്ലാവരും തോല്‍പ്പിക്കുന്നത്. തകര്‍ക്കുന്നതും. ഇങ്ങനെയുള്ള പരാജയങ്ങളൊന്നും എനിക്ക് പെട്ടെന്ന് മറക്കാന്‍ പറ്റത്തില്ല. മറ്റുള്ളവര്‍ നമ്മളെല്ലാം മറന്നെന്നും അതിജീവിച്ചെന്നും വിചാരിക്കും. പക്ഷേ ഞാന്‍ സംഭവിച്ചതെല്ലാം ഓര്‍ത്തോര്‍ത്ത് വിഷമിച്ചുകൊണ്ടിരിക്കും- സീമ പറയുന്നു.
ക്രോണിക്കൽ ബാച്ചിലർ സിനിമയിൽ അഭിനയിക്കുമ്പോൾ സിദ്ദിഖ് സാർ പറഞ്ഞു. ഇനി സീമയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്ന്. അത്രയ്ക്ക് ശക്തമായ കഥാപാത്രമാണിത്. അപ്പോഴാണ് തനിക്കൊരു സിനിമ നടിയാകണമെന്ന് അൽപമെങ്കിലും തോന്നി തുടങ്ങിയത്.മറ്റേതൊരു താരത്തിനും ഇതുപോലൊരു സിനിമയില്‍ അഭിനയിക്കുന്നതോടെ മുന്നിലൊരു വാതില്‍ തുറന്നുകിട്ടുമെന്ന് ഉറപ്പാണ്. പക്ഷേ എനിക്കത് ഉണ്ടായില്ല. ഒരു പക്ഷെ ഇതിന് കാരണം തനിക്ക് സിനിമയിൽ ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ടായിരിക്കണം. ഒരുപാട് അഭിനേതാക്കള്‍ വന്നത് ഒരു ഗോഡ്ഫാദറിന്റെ പിന്തുണയിലാണ്. കഴിവൊന്നും ഒന്നിനും ആധാരമല്ല- നടി പറയുന്നു.
ഒരു കഴിവും ഇല്ലാത്തവര്‍ എന്തൊക്കെയോ ആയിത്തീരുന്നത് കാണുമ്പോള്‍ നമുക്ക് ഉളളിന്റെ ഉള്ളില്‍ ചില വിഷമങ്ങളൊക്കെ തോന്നും. ഈ സന്ദർഭം നോക്കി ചില ആളുകൾ നമ്മളെ വിഷമിപ്പിക്കാനുംവരും. . സീമയ്ക്ക് എന്താണ് പറ്റിയത്, എന്തുകൊണ്ടാണ് പിന്തള്ളപ്പെട്ടു പോയതെന്നൊക്കെയാണ് അത്തരക്കാര്‍ ചോദിക്കുക. അത് കേള്‍ക്കുമ്പോള്‍ വീണ്ടും വിഷമം തോന്നും.അതോടെ ഞാന്‍ വിചാരിച്ചു, ആഗ്രഹവും ഇഷ്ടങ്ങളുമൊക്കെ മാറ്റിവെക്കാം, വരുന്നത് ചെയ്യാമെന്ന്. അതോടെ സമാധാനം കിട്ടിയെന്നും സീമ പറഞ്ഞു.