കാസ്റ്റിങ് ഏജന്റുമാരെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം സല്മാന് ഖാന്. താനോ തന്റെ നിര്‍മ്മാണ കമ്പനിയോ അങ്ങനൊരാളെ നിയമിച്ചിട്ടില്ല എന്നും തന്റെ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ വരുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാരുടെ കെണിയില്‍ വീഴരുതെന്ന് നടന് പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നു എന്ന പരാതികള്‍ പലതവണയുണ്ടായതിന് പിന്നാലെയാണ് സല്മാന് ഖാന്റെ ട്വിറ്റ്.
കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സല്മാന് ഖാന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. താരത്തിന്റെ പേരിലോ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനിയായ സല്മാന് ഖാന് ഫിലിംസിന്റെ പേരിലോ കാസ്റ്റിംഗ് കോളുകള്‍ നല്‍കുന്നതിനെതിരെയാണ് സല്മാന് രംഗത്ത് വന്നത്. കമ്പനി ഇനി വരാനുള്ള സിനിമകള്‍ക്കൊന്നും തന്നെ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടില്ല എന്നും സല്മാന് വ്യക്തമാക്കി.
സല്മാന് ഖാനോ സല്മാന് ഖാന് ഫിലിംസോ നിലവില്‍ ഒരു ചിത്രത്തിനും കാസ്റ്റിംഗ് ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ഭാവി സിനിമകളിലേക്കൊന്നും കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടില്ല. ഈ കാര്യത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഇമൈലുകളോ സന്ദേശങ്ങളോ ലഭിച്ചിട്ടുണ്ടെങ്കില്‍ ദയവായി വിശ്വസിക്കരുത്. ഏതെങ്കിലും ആളുകള്‍ സല്മാന് ഖാന്റേയോ എസ്എഫ്കെ ഫിലിംസിന്റെയോ പേര് ഏതെങ്കിലും അനധികൃതമായ രീതിയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുന്നതാണ്.' ഔദ്യോഗിക അറിയിപ്പ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
2011 ലാണ് സല്മാന് ഖാന് ചലച്ചിത്ര നിര്‍മ്മാണ-വിതരണ കമ്പനിയായ സല്മാന് ഖാന് ഫിലിംസ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ അമ്മ സല്‍മ ഖാനും കമ്പനിയുടെ ഭാഗമാണ്. സിനിമാ നിര്‍മ്മാണത്തില്‍ നിന്ന് ലഭിക്കുന്ന പണം ബീയിംഗ് ഹ്യൂമന്‍ സംഘടനയ്ക്ക് നല്‍കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. നിതേഷ് തിവാരിയും വികാസ് ബഹലും ചേര്‍ന്ന് സംവിധാനം ചെയ്ത 'ചില്ലര്‍ പാര്‍ട്ടി'യാണ് ബാനറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്‍' ആയിരുന്നു അവസാന നിര്‍മ്മാണം.
ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ, വെങ്കിടേഷ്, ജഗപതി ബാബു, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ത്ഥ് നിഗം, ഷെഹ്നാസ് ഗില്‍ തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്. ഈദ് റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് ചിത്രം ബോസ്ഓഫീസില്‍ പരാജയപ്പെട്ടു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൈഗര്‍ 3 യാണ് സല്‍മാന്റെ വരാനിരിക്കുന്ന ചിത്രം. കത്രീന കൈഫ് നായികയായെത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ അതിഥി വേഷവുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിഗ്ബോസ് ഒടിടി പതിപ്പിന്റെ അവതാരകനാണ് അദ്ദേഹം.