കന്നഡ നടന്‍ ദര്‍ശന്‍ കൊലപ്പെടുത്തിയ ആരാധകന്‍ രേണുകസ്വാമിയുടെ ഭാര്യ സഹാന ഇന്നലെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. കഴിഞ്ഞ ജൂണിലാണ് സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദര്‍ശനും സംഘവും തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സഹാന 5 മാസം ഗര്‍ഭിണിയായിരുന്നു. നടനും നടിയും ജയിലിലാണ്.
ഭര്‍ത്താവിന്റെ ദാരുണ മരണം കഴിഞ്ഞ് നാലാം മാസം ആണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോകുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ സഹാന. സഹാനയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മകന്‍ തിരിച്ചു വരുന്നുവെന്നുമാണ് രേണുകാ സ്വാമിയുടെ പിതാവ് കാശിനാഥയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് രേണുകാ സ്വാമിക്ക് മകന്‍ പിറന്നത്.
ജൂണ്‍ ഏഴിനാണ് കന്നട ചലചിത്ര താരം ദര്‍ശന്റെ ആളുകള്‍ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോയത്. ജൂണ്‍ 9നാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായ നിലയില്‍ ഇയാളുടെ മൃതദേഹം സോമനഹള്ളിയില്‍ കണ്ടെത്തുന്നത്. സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നുമായിരുന്നു മൃതദേഹം ലഭിച്ചത്. ആദ്യം ആത്മഹത്യയാണ് എന്നു കരുതിയ സംഭവത്തില്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്ലാണ് ക്രൂരമായ കൊലപാതകമാണ് സംഭവം എന്ന് തെളിഞ്ഞത്.
ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആയിരുന്നു ക്രൂരമായ മര്‍ദ്ദനത്തിനും പിന്നീട് കൊലപാതകത്തിലേക്കും വഴി വച്ചത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് പവിത്ര ഗൗഡയുമായുള്ള ദര്‍ശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയില്‍ രേണുക സ്വാമി കമന്റ് ചെയ്തിരുന്നു. ഇത് കൂടാതെ ഇന്‍സ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.
ദര്‍ശന്റെ ആളുകള്‍ തട്ടിക്കൊണ്ട് വന്ന രേണുകാ സ്വാമിയെ ആര്‍ ആര്‍ നഗറിലെ ഒരു ഷെഡിലേക്കാണ് എത്തിച്ചത്. ഏക്കറുകള്‍ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസുകാരനാണ്. ഇയാളുടെ മരുമകന്‍ ആണ് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പായ ഇവിടെ വച്ച് ദര്‍ശന്റെ സാന്നിധ്യത്തില്‍ ക്രൂരമര്‍ദ്ദനമേറ്റാണ് രേണുകാ സ്വാമി കൊല്ലപ്പെട്ടത്. പിന്നീട് സംഘം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
രേണുക സ്വാമി കൊലക്കേസില്‍ ദര്‍ശനും പവിത്രയ്ക്കും ഒപ്പം വിനയ് വി, നാഗരാജു ആര്‍, ലക്ഷ്മണ്‍ എം, പ്രദോഷ് എസ്, പവന്‍ കെ, ദീപക് കുമാര്‍ എം, നന്ദിഷ്, കാര്‍ത്തിക്, നിഖില്‍ നായക്, രാഘവേന്ദ്ര, കേശവ മൂര്‍ത്തി എന്നിവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ പവന്‍ പവിത്രയുടെ സുഹൃത്താണ്. രാഘവേന്ദ്ര ദര്‍ശന്റെ ചിത്രദുര്‍ഗ ഫാന്‍സ് അസോസിയേഷന്‍ അംഗമാണ്. ബാക്കിയെല്ലാവരും ദര്‍ശന്റെ അനുയായികളും ക്വട്ടേഷന്‍ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്നവരും ആണെന്ന് പൊലീസ് വിശദമാക്കുന്നത്.