തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ അച്ഛനാകുന്നു. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കണ്‍മണിയെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പുറത്തുവിട്ടത് രാംചരണിന്റെ പിതാവും തെലുങ്ക് സൂപ്പര്‍ സ്റ്റാറുമായ ചിരഞ്ജീവിയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാര്‍ത്ത പുറത്തുവിട്ടത്.താന്‍ ഒരു അച്ഛനാവാന്‍ തയ്യാറെടുക്കുകയാണ് എന്ന വാര്‍ത്ത ചിരഞ്ജീവിയുടെ ട്വിറ്റ് ഷെയര്‍ ചെയ്ത് രംചരണും ആരാധകരെ അറിയിച്ചു.
ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്‍മണിക്കായി തയാറെടുക്കുന്നുവെന്ന വാര്‍ത്ത പങ്കു വയ്ക്കുന്നുവെന്നാണ് രാം ചരണ്‍ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്. രാം ചരണിന്റെ പിതാവ് ചിരഞ്ജീവി പങ്കു വച്ച ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഈ സന്തോഷ വാര്‍ത്ത ആരാധകരിലേക്ക് അറിയിച്ചത്.
സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളായ ഉപാസനയാണ് രാം ചരണിന്റെ ഭാര്യ. 2012 ജൂണ്‍ 14 നായിരുന്നു ഇരുവരുടെയും വിവാഹം. തെലുങ്ക് പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉപാസന ഇരുവരുടെയും ചിത്രങ്ങള്‍ നിരന്തരം പങ്കു വയ്ക്കാറുണ്ട്.
വിവാഹം കഴിഞ്ഞ് പത്തു വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് ഇത്തരത്തിലൊരു സന്തോഷ വാര്‍ത്ത ഇരുവരെയും തേടിയെത്തുന്നത്. മുമ്പ് ഉപാസന ഗര്‍ഭിണിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താരകുടുംബം പ്രതികരിക്കാതിരുന്നതിനാല്‍ ഇതില്‍ കൃത്യമായ വ്യക്തത ഉണ്ടായിരുന്നില്ല. ആര്‍ആര്‍ആര്‍ റിലീസ് രാം ചരണിന്റെ സിനിമ കരിയറിലും നല്ല നേട്ടമാണ് നല്‍കിയിരിക്കുന്നത്. ചിത്രം ഹിറ്റായതു വഴി നിരവധി ആരാധകരാണ് താരത്തിന് ഇപ്പോഴുളളത്.
അതേസമയം, കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നിരന്തരം പലതരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടിരുന്നവരാണ് രാം ചരണും ഉപാസനയും. പത്ത് വര്‍ഷമായിട്ടും കുട്ടികളില്ലല്ലോ, ആര്‍ക്കാണ് കുഴപ്പം എന്ന തരത്തില്‍ പലരും ചോദ്യമുയര്‍ത്തിയിട്ടുണ്ടെന്ന് ഒരിക്കല്‍ ഉപാസന പറഞ്ഞിരുന്നു. കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്നത് തങ്ങള്‍ എടുത്ത തീരുമാനമാണെന്ന് രാം ചരണും ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. രണ്ടുപേര്‍ക്കും ഇപ്പോള്‍ തിരക്കുകളുണ്ട് അതുകൊണ്ട് കുറച്ചു വര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിച്ചു എന്നാണ് രാം ചരണ്‍ പറഞ്ഞത്. ഓരോരുത്തര്‍ക്കും അവരുടേതായ താല്‍പര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ ദമ്പതിമാര്‍ തയ്യാറല്ലെങ്കില്‍ അവരെ കുറിച്ച് വിലയിരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. അവര്‍ പബ്ലിക് ഫിഗര്‍ ആണെന്നേയുള്ളു. അല്ലാതെ പൊതുസ്വത്തല്ലെന്നും രാം ചരണ്‍ പറഞ്ഞിരുന്നു.
കുട്ടികളെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്ന് ഉപാസനയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിന് താന്‍ എന്ത് മറുപടി നല്‍കിയാലും അത് വളച്ചൊടിക്കാനും വൈറലാക്കാനും മാത്രമാണ് സാധ്യതയുളളത് എന്നതിനാല്‍ അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു ഒരിക്കല്‍ ഉപാസന നല്‍കിയ മറുപടി.
കഴിഞ്ഞ മാസം രാം ചരണും ഉപാസനയും അവധി ആഘോഷിക്കാന്‍ ആഫ്രിക്കയില്‍ പോയിരുന്നു. ഇരുവരും ഒരുമിച്ചുള്ള യാത്ര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് ജൂനിയര്‍ എന്‍.ടി.ആര്‍.യുടെ സഹതാരമായി അഭിനയിച്ച രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം ആര്‍ ആര്‍ ആര്‍ വിജയം കൊയ്തുകൊണ്ടിരിക്കുകയാണ്.
രാം ചരണ്‍ ഇപ്പോള്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന ശങ്കറിന്റെ 'ആര്‍സി 15' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്, അതില്‍ കിയാര അദ്വാനി, ജയറാം, അഞ്ജലി, എസ്.ജെ. സൂര്യയാണ് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍.പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.