Latest News

കേരളം എക്കാലവും നെഞ്ചോട് ചേര്‍ത്തുപിടിച്ച നേതാവെന്ന് മോഹന്‍ലാല്‍; ഉമ്മന്‍ ചാണ്ടി ഒന്നെ ഉള്ളൂവെന്ന് മമ്മൂട്ടി; യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെന്ന് കുഞ്ചാക്കോ ബോബന്‍;ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉമ്മന്‍ ചാണ്ടി മാത്രമെന്ന ജഗദീഷ്; തന്റെ വിവാഹം ക്ഷണിക്കാന്‍ പോയ അനുഭവം പങ്ക് വച്ച് നവ്യ; ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍;  ഉമ്മന്‍ചാണ്ടിയെ താരങ്ങള്‍ അനുസ്മരിക്കുമ്പോള്‍

Malayalilife
 കേരളം എക്കാലവും നെഞ്ചോട് ചേര്‍ത്തുപിടിച്ച നേതാവെന്ന് മോഹന്‍ലാല്‍; ഉമ്മന്‍ ചാണ്ടി ഒന്നെ ഉള്ളൂവെന്ന് മമ്മൂട്ടി; യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെന്ന് കുഞ്ചാക്കോ ബോബന്‍;ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉമ്മന്‍ ചാണ്ടി മാത്രമെന്ന ജഗദീഷ്; തന്റെ വിവാഹം ക്ഷണിക്കാന്‍ പോയ അനുഭവം പങ്ക് വച്ച് നവ്യ; ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന് കോട്ടയം നസീര്‍;  ഉമ്മന്‍ചാണ്ടിയെ താരങ്ങള്‍ അനുസ്മരിക്കുമ്പോള്‍

ന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് നിരവധി താരങ്ങളാണ് നേരിട്ടും സോഷ്യല്‍മീഡിയ വഴിയും രംഗത്തെത്തിയത്.

വ്യക്തിപരമായി വലിയ അടുപ്പം ഉമ്മന്‍ ചാണ്ടിയുമായി തനിക്കുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചുവെന്നും നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍

മമ്മൂട്ടി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:

സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.
ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍  ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു.
ഞാന്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളില്‍ എത്തിയ ഒരാള്‍.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളില്‍ കയ്യിട്ടു ഒപ്പം നടന്നു... ഞാന്‍ എന്ന വ്യക്തി ചുമക്കാന്‍ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരന്‍ എന്നത് മാത്രമായി എന്റെ വിശേഷണം...
 ' ഞാനാ ഉമ്മന്‍ചാണ്ടിയാ' എന്നു പറഞ്ഞു ഫോണില്‍ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയന്‍.. അതിശക്തനായ നേതാവ്.
ഒരിക്കല്‍ ഞങ്ങളുടെ 'കെയര്‍ ആന്‍ഡ് ഷെയര്‍' പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകള്‍ കണ്ടെത്താന്‍  പാടുപെടുകയായിരുന്നു. അപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CSR ഫണ്ട് ഉപയോഗിച്ച് സ്‌പോണ്‍സര്‍ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി കാണാന്‍ വരികയും ചെയ്തു.
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാള്‍ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാന്‍ രേഖപെടുത്തി. ' സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചില്‍ നിയന്ത്രിക്കണം '
ഒരു ചിരി മാത്രമായിരുന്നു മറുപടി.
'പ്രാഞ്ചിയേട്ടന്‍' എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
'ഉമ്മന്‍ ചാണ്ടി ഒന്നേ ഉള്ളു ' എന്ന്...
ഒരുമിച്ചൊരുപാട് ഓര്‍മ്മകള്‍.. ആയിരം അനുഭവങ്ങള്‍..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി 
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു 
അതിലെഴുതാന്‍ കുറിച്ച വരികള്‍ ഇവിടെ കുറിക്കട്ടെ
'ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും....

ഉമ്മന്‍ ചാണ്ടിയുമായി കുടുംബപരമായ ബന്ധമുണ്ടെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അദ്ദേഹവുമായി വര്‍ഷങ്ങളായുള്ള അടുപ്പമുണ്ടെന്നും ആ ബന്ധത്തിന്റെ പുറത്താണ് ഒരുനോക്കു കാണാന്‍ എത്തിയതെന്നും നടന്‍ തിരുവനന്തപുരത്ത് പറഞ്ഞു..

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം വലിയ നഷ്ടമാണ്. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ജനസമ്മതനായ, അവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി മാത്രം സമയം കണ്ടെത്തിയിരുന്ന ആള്‍. യഥാര്‍ത്ഥ മനുഷ്യസ്‌നേഹി..

കുടുംബപരമായ എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുന്നറിയിപ്പൊന്നും കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. അത് തനിക്കെന്നു മാത്രമല്ല, എല്ലാവര്‍ക്കുമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ വിയോഗത്തിലൂടെ ഉണ്ടായത് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും നടന്‍ പറഞ്ഞു.

ഒരു രാത്രി ഏകദേശം ഒരുമണിയോടെ ഒരു ഫങ്ഷന്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ കാണുന്നത് വീട്ടില്‍ ഫയലുകളുടെ കൂമ്പാരത്തിനിടയില്‍ ഇരിക്കുന്ന ഉമ്മന്‍ചാണ്ടിയെയാണ്. അപ്പോഴും ജനങ്ങളുടെ കാര്യമാണ് നോക്കിയിരുന്നത്. ആരോഗ്യം പോലും കണക്കിലെടുക്കാതെ, സമയം നോക്കാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും നടന്‍ അനുസ്മരിച്ചു.

ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങള്‍ക്കൊപ്പം ചെലവഴിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് നടന്‍ ജഗദീഷ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമായി കണക്കാക്കിയിട്ടുള്ളത് ഉമ്മന്‍ ചാണ്ടിയെയാണ് എന്നും ജഗദീഷ് പറഞ്ഞു. റോള്‍ മോഡലായാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഇന്ത്യയിലെ തന്നെ മികച്ച 
രാഷ്ട്രീയ നേതാവ് എന്ന് പറയുമ്പോള്‍ ഏറ്റവും തലയെടുപ്പുള്ള ഒരു പത്ത് നേതാക്കളില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ പത്‌നി മറിയാമ്മക്കൊപ്പം കാനറ ബാങ്കില്‍ ഞാന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ ബന്ധമാണ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി സര്‍. ത്യാഗം, കാരുണ്യം ഇവയുടെയെല്ലാം കൊടുമുടിയാണ് ഒരു നേതാവെന്ന നിലയില്‍ അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങള്‍ക്കൊപ്പമായിരുന്നു. അത്രയുമൊക്കെയാകാന്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ അതിജീവിചിച്ച് എങ്ങനെയാണ് അദ്ദേഹം ഇങ്ങനെ കഴിയുന്നത് എന്നത് അദ്ഭുതമാണ്. 

ദൂരദര്‍ശനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അപ്പോഴും ഫ്രയിമിന്റെ രണ്ടുവശവും ആളുകളായിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്റര്‍വ്യൂ നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഏത് സമയവും ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന നേതാവാണ്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ വരുമ്പോഴും രാഷ്ട്രീയ നേതാക്കള്‍ക്കടക്കം അറിയാം അതിലൊരു സത്യവുമില്ലെന്ന്. ആരോപണങ്ങളെ ഇത്ര ആത്മവിശ്വാസത്തോടെ നേരിട്ട നേതാവ് വേറെയില്ല. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പത്ത് നേതാക്കളില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടി സാറാണ്. മഹനായ ഒരു നേതാവ്.. മഹാനായ ഒരു മനുഷ്യന്‍ ജഗദീഷ് പറഞ്ഞു.

ജനങ്ങളോടു ചേര്‍ന്നു നിന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് നടി നവ്യ നായര്‍ കുറിച്ചു. ലാളിത്യം നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹമെന്നും എല്ലാവരോടും സ്നേഹത്തോടു കൂടിയാണ് അദ്ദേഹം പെരുമാറാറുളളതെന്നും നടി പറയുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് തന്റെ വിവാഹം ക്ഷണിക്കാന്‍ പോയ അനുഭവം ഓര്‍ത്തെടുക്കുകയാണ് നവ്യ.

പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓര്‍മ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കില്‍ പോവാന്‍ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. സാരമില്ല ഞാന്‍ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനല്‍കി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുന്‍പ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജനങ്ങളോട് ചേര്‍ന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace. നവ്യ കുറിച്ചു. 

വേദികളില്‍ ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ ഏറ്റവുമധികം അനുകരിച്ച താരമാണ് കോട്ടയം നസീര്‍. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് താരം. തന്നെ ഒരു സഹോദരനെപ്പോലെ ഉമ്മന്‍ ചാണ്ടി ചേര്‍ത്തുപിടിച്ചെന്നും അനുകരണങ്ങളിലെ വിമര്‍ശനം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുവെന്നും കോട്ടയം നസീര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി ഇനിയൊരിക്കലും അദ്ദേഹത്തെ അനുകരിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

കോട്ടയം നസീറിന്റെ വാക്കുകള്‍

വലിയ വിഷമമുണ്ട്. എതിരാളികളെ പോലും വിമര്‍ശിച്ച് വേദനിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടു പിരിഞ്ഞു പോകുന്നതില്‍ വിഷമമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കില്‍ സഹോദരന് തുല്യം എന്നെ ചേര്‍ത്തു പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അത്രയും വലിയ രാഷ്ട്രീയ നേതാവാണ്, വലിയ സ്ഥാനങ്ങളില്‍ ഇരുന്നയാളാണ്, അതൊരിക്കലും പെരുമാറ്റത്തിലുണ്ടായിട്ടില്ല.

അനുകരിക്കുന്ന ആളുകളെ എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. എന്നാല്‍ അനുകരണത്തെ പോസിറ്റീവ് ആയി കാണുകയും അതിഷ്ടമാണെന്നും അതിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞിരുന്ന വ്യക്തിയാണ് അദ്ദേഹം. ഞാന്‍ കൈരളിയില്‍ കോട്ടയം നസീര്‍ ഷോ ചെയ്യുമ്പോഴായിരുന്നു ആന്റണി സാര്‍ രാജി വെച്ച് ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയാകുന്നത്. അന്നാണ് അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത്. അതുകഴിഞ്ഞ് കാലങ്ങളായി അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്. എന്റെ പെയിന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ വരെ അദ്ദേഹം വന്നിട്ടുണ്ട്.

കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കയറി വന്നത്, 'ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന്‍ സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.

ഉമ്മന്‍ചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് സംവിധായകനും ബിഗ് ബോസ് സീസണ്‍ ഫൈവിലെ വിജയിയുമായ അഖില്‍ മാരാരും എത്തി.  ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അനുസ്മരണം അറിയിച്ചിരിക്കുന്നത്. അഖില്‍ മാരാര്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് പല അഭിമുഖങ്ങളിലും ബിഗ് ബോസ് ഷോയിലും വ്യക്തമാക്കിയിരുന്നു.

ഞാന്‍ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല..ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല...കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍...

നേരിന്ന് നേരായ നേര്‍ വഴി കാട്ടിയോന്‍, ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോന്‍, ഒപ്പം നടന്നവര്‍ കൂടെ ചിരിച്ചവര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച നാളില്‍ ആരോപണത്തിന്റെ കൂരമ്പുകള്‍ ,കൊണ്ട് വില്ല് കുലച്ചു നിന്ന നാളില്‍മന്ദ ഹാസത്താല്‍ കൂരമ്പ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്..വിട'' എന്നായിരുന്നു അഖില്‍ മാരാര്‍ മുഖ്യമന്ത്രിയെ അനുശോചിച്ച് പോസ്റ്റിട്ടത്. അഖിലിന്റെ പോസ്റ്റിന് താഴെ തങ്ങളുടെ പ്രിയനേതാവിന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി മലയാളികളാണ് കമന്റുകള്‍ ഇട്ടത്.
 

Oommen Chandy actress shared

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES