ലോക്ഡൗണ്‍ കാലം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞ് പോരുന്ന നിരവധി താര കുടുംബങ്ങൾ ഉണ്ട്. എന്നാൽ ചിലരാകട്ടെ ഈ കൊറോണ കാലം വിവാഹത്തിന് തിരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ട്. അതോടൊപ്പം മറ്റ് ചിലരുടെ ജീവിതത്തിൽ പുത്തൻ സന്തോഷങ്ങൾ കൊണ്ട് നിറയുകയായിരുന്നു. അത്തരത്തിൽ ഇപ്പോൾ സംഗീത സംവിധായകന്‍ കൈലാസ് മേനോനും ഭാര്യ അന്നപൂര്‍ണയും തങ്ങളുടെ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇൻസ്റ്റാഗ്രാമിലൂടെ ഭാര്യ അന്നപൂര്‍ണ്ണ പിള്ളയ്ക്കൊപ്പമുള്ള പുതിയ ഫോട്ടോസ് പങ്കുവച്ചാണ് കൈലാസ് ആരാധകരുമായി കുഞ്ഞ് ജനിക്കാന്‍ പോവുന്ന സന്തോഷം അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെല്ലാം ഈ ചിത്രങ്ങൾ തരംഗമായിരുന്നു. അതെ സമയം താരമിപ്പോൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ഈ ചിത്രങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം തുറന്ന് പറയുകയാണ്.
'ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരു ഘട്ടത്തില്‍ ഒന്നിച്ച് സമയം ചെലവഴിക്കാനാകുന്നു എന്നത് വലിയ ഭാഗ്യമാണ്. കോവിഡ് കാലമായതിനാല്‍ വലിയ മുന്‍കരുതലോടെയാണ് ജീവിതം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധ പോലും വലിയ ദോഷമാകും എന്ന തിരിച്ചറിവോടെയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ വൈഫിന്റെ ചേര്‍ത്തലയിലെ വീട്ടിലാണ് ഞങ്ങള്‍. അവിടെ കണ്ടൈന്‍മെന്റ് സോണാണ്. അതിനാല്‍ റിസ്‌ക് കൂടുതലാണ്. അത്തരം ടെന്‍ഷനൊക്കെ ഉണ്ടെങ്കിലും ഈ സന്തോഷം ഞങ്ങള്‍ പരമാവധി ആസ്വദിക്കുന്നുണ്ട്.
മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രതീക്ഷിച്ച പോലെ കളറാക്കാന്‍ പറ്റിയില്ല. ഞാനും വൈഫും കുറച്ച് കൂടി ഗംഭീരമായി പ്ലാന്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് കാലമായതിനാല്‍ എല്ലാം മാറ്റി വെച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ വീട്ടില്‍ വച്ച് അന്ന പൂര്‍ണയുടെ അമ്മ മേഖ എടുത്തതാണ്. ആ ചിത്രങ്ങള്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമായി.
ഞങ്ങള്‍ പ്രണയിച്ച് വിവാഹിതരായി എന്ന് പറയാമെങ്കിലും യഥാര്‍ഥത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം നന്നായി അറിയാം. ഇരുവരും മനസിലാക്കിയിരുന്നു. എങ്കില്‍ ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചതാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. രണ്ട് പേരും അവനവന്റെ കരിയറില്‍ ഒന്ന് സെറ്റില്‍ ആയിട്ട് മതി കുഞ്ഞ് എന്നതായിരുന്നു തീരുമാനം. അന്നപൂര്‍ണ അഭിഭാഷകയാണ്. കരിയര്‍ തുടങ്ങുന്ന സമയത്താണ് കല്യാണം കഴിച്ചത്. ഞാനും അപ്പോള്‍ സിനിമയില്‍ സജീവമായിരുന്നില്ല. അതോടെ കരിയറില്‍ ശ്രദ്ധിക്കാന്‍ രണ്ട് പേരും തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ശരിയായ സമയം ആയെന്ന് തോന്നി.
രണ്ട് പേരുടെ കുടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ കിട്ടിയിരുന്നു. അവരാരും ഞങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്തില്ല. സാധാരണ കല്യാണം കഴിഞ്ഞാല്‍ അടുത്ത ദിവസം മുതല്‍ ചോദ്യം തുടങ്ങുമല്ലോ. അതൊന്നും ഞങ്ങളെ സംബന്ധിച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരം സമ്മര്‍ദ്ദങ്ങളുമില്ലായിരുന്നു. കുഞ്ഞിന് പേര് കണ്ട് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'വരട്ടെ പറയാം' എന്നായിരുന്നു കൈലാസ് പറഞ്ഞത്.